മധ്യപ്രദേശിൽ സത്പുരഭവനിലെ തീപിടിത്തത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്; ആസൂത്രിതമെന്ന് കോൺഗ്രസ്

മധ്യപ്രദേശിൽ സത്പുരഭവനിലെ തീപിടിത്തത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്; ആസൂത്രിതമെന്ന് കോൺഗ്രസ്

കോടികൾ മുടക്കി വാങ്ങിയ അഗ്നിശമന ഹൈഡ്രോളിക് ഗോവണി പോലും ഉപയോഗപ്പെടുത്താനായില്ല
Updated on
1 min read

മധ്യപ്രദേശിലെ ഭോപ്പാലിൽ സര്‍ക്കാര്‍ ഓഫീസ് സമുച്ചയമായ സത്പുര ഭവനിലുണ്ടായ വൻ തീപ്പിടുത്തത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. തീ അണയ്ക്കുന്നതിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. സത്പുര ഭവനിൽ തീപിടുത്തം ഉണ്ടായാൽ തടുക്കാനായി കോടികൾ മുടക്കി വാങ്ങിയ അഗ്നിശമന ഹൈഡ്രോളിക് ഗോവണി പോലും ഉപയോഗപ്പെടുത്താനായില്ല. ഉദ്യോഗസ്ഥതലത്തിൽ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

18 നില കെട്ടിടങ്ങളുള്ള സത്പുര ഭവനിൽ തീപ്പിടുത്തമുണ്ടായാൽ അണയ്ക്കുന്നതിനായി ഒൻപതുമാസം മുൻപാണ് അഞ്ചരക്കോടി രൂപ മുടക്കി അഡ്വാൻസ്ഡ് ഹൈഡ്രോളിക് ഗോവണി വാങ്ങിയത്. ഇത് കെട്ടിടത്തിന്റെ 40 മീറ്റർ മാത്രം അകലെയുണ്ടായിരുന്നെങ്കിലും തീ അണയ്ക്കാനായി ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.

പ്രദേശത്തേക്ക് ഹൈഡ്രോളിക് മെഷീൻ കടന്നുപോകാൻ സ്ഥലമുണ്ടായിരുന്നില്ല. വഴി തടസപ്പെടുത്തിക്കൊണ്ട് അവിടെ ഒരു പാർക്കിംഗ് ഏരിയ നിർമ്മിച്ചിരുന്നു. വലിയ കെട്ടിടങ്ങളിൽ അഗ്നിശമന വാഹനങ്ങൾക്ക് പ്രവേശിക്കാൻ മതിയായ ഇടം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഉത്തരവിട്ടിട്ടുണ്ട്
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര

റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരിൽ നിന്നും അനുമതി ലഭിക്കാത്തതാണ് ലാഡർ ഉപയോഗിക്കുന്നതിൽ തടസമായതെന്നാണ് മുതിർന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. കര-വ്യോമസേനകളുടെ കൂടി സഹായത്തോടെ 14 മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാനായത്. വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനവുമെല്ലാം ഉപയോഗപ്പെടുത്തി. സമീപകാലങ്ങളിൽ ഭോപ്പാലിലുണ്ടായ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്.

കെട്ടിടത്തിനടുത്തേക്ക് ഹൈഡ്രോളിക് മെഷീന് കടന്നുപോകാനുള്ള സ്ഥലമുണ്ടായിരുന്നില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം. തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചതായതാണ് സൂചന. ഈ വർഷാവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നടന്ന തീപിടുത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് ബിജെപി സർക്കാർ അവകാശപ്പെടുന്നു. 2012ലും 2018ലും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സത്പുര ഭവനിൽ തീപ്പിടുത്തം ഉണ്ടായിരുന്നു.

ആദിവാസി ക്ഷേമ വകുപ്പിന്റെ റീജണൽ ഓഫീസ് പ്രവർത്തിക്കുന്ന സത്പുര ഭവന്റെ മൂന്നാംനിലയിൽ നിന്നാണ് ഇന്നലെ വൈകിട്ട് നാലോടെ തീപിടുത്തമുണ്ടായത്. പിന്നാലെ ഇത് മുകളിലത്തെ നിലകളിലേക്ക് പടർന്നു. ഇടയ്‌ക്ക് എസിയിൽനിന്നും ഗ്യാസ് സിലിണ്ടറുകളിൽനിന്നും ചെറുസ്‌ഫോടനങ്ങളുമുണ്ടായത് തീപ്പിടിത്തം രൂക്ഷമാക്കി. ആളുകളെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in