അമിത് ഷായുടെ വ്യാജ വീഡിയോ: അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ച് കോൺഗ്രസ് ഐടി സെൽ അംഗങ്ങളെ അറസ്റ്റ് ചെയ്ത് തെലങ്കാന പോലീസ്. വ്യാഴാഴ്ചയാണ് കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് സൈബർ ക്രൈം തെലങ്കാനയിലെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നോട്ടീസയച്ചിരുന്നു. അവരും നിലവിൽ തെലങ്കാനയിലുണ്ട്.
അമിത് ഷായുടേതെന്ന് പറഞ്ഞ് പ്രചരിച്ച വീഡിയോ ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. സംശയിക്കുന്നയാളെ പിടികൂടുന്നതിന് മുൻപ് വീഡിയോ അപ്‌ലോഡും ഫോർവേർഡും ചെയ്തവരെ പരിശോധിച്ച് വരികയാണ്. രേവന്ത് റെഡ്ഢി തന്റെ എക്സ് അക്കൗണ്ടിൽ അമിത് ഷായുടെ വ്യാജ വീഡിയോ പങ്കുവച്ചിരുന്നു. അതിന്റെ ഭാഗമായായിരുന്നു നോട്ടീസ്.
തെലങ്കാന മുഖ്യമന്ത്രിക്കും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അംഗങ്ങളായ ശിവ കുമാർ അംബാല, അസ്മ തസ്ലീം, സതീഷ് മന്നെ, നവീൻ പെട്ടേം എന്നിവർക്കും ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 91, 160 പ്രകാരമായിരുന്നു സമൻസ് അയച്ചത്. അതേസമയം, കേന്ദ്ര സർക്കാർ ഡൽഹി പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണെന്നും താൻ ഭയന്നു പിന്നോട്ടുമാറില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കൈയിലെ കളിപ്പാവയായി ഡൽഹി പോലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപണം. വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരു കോൺഗ്രസ് പ്രവർത്തകൾ കഴിഞ്ഞ ദിവസം അസമിൽ അറസ്റ്റിലായിരുന്നു.