വെടിവയ്പും ബോംബേറും; ബംഗാളിൽ പഞ്ചായത്ത് വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം, ആദ്യമണിക്കൂറിൽ കൊല്ലപ്പെട്ടത് ആറ് പേർ

വെടിവയ്പും ബോംബേറും; ബംഗാളിൽ പഞ്ചായത്ത് വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം, ആദ്യമണിക്കൂറിൽ കൊല്ലപ്പെട്ടത് ആറ് പേർ

ഇന്നലെ രാത്രിയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു
Updated on
1 min read

പശ്ചിമ ബംഗാളിൽ ത്രിതല തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വ്യാപക അക്രമം. പോളിങ്ങിന്റെ ആദ്യ മണിക്കൂർ പൂർത്തിയാകും മുൻപ് തന്നെ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇന്നലെയും ഇന്നുമായി വോട്ടെടുപ്പ് അക്രമങ്ങളിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു.

കൊല്ലപ്പെട്ടവരിൽ അഞ്ച് തൃണമൂൽ പ്രവർത്തകരാണ്. സിപിഎം, കോൺഗ്രസ്, ബിജെപി പാർട്ടികളുടെ ഓരോന്ന് വീതം പ്രവർത്തകരും ഒരു സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നയാളും കൊല്ലപ്പെട്ടു. ൂച്ബിഹാറിലെ ഫലിമാരി ഗ്രാമപഞ്ചായത്തിൽ ബിജെപി പോളിങ് ഏജന്റ് മാധവ് ബിശ്വാസ് കൊല്ലപ്പെട്ടു. പാർട്ടി സ്ഥാനാർത്ഥിക്കും ബോംബാക്രമണത്തിൽ പരുക്കേറ്റു. ഇവിടെ പ്രിസൈഡിങ് ഉദ്യോഗസ്ഥനെ അക്രമികൾ മർദിച്ചതായും പരാതിയുയർന്നു.

മാൾഡ മണിക്‌ചക്കിലെ ഗോപാൽപൂർ ഗ്രാമപഞ്ചായത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടും സംസ്ഥാനത്താകെ വലിയ സംഘർഷമാണ് നടക്കുന്നത്.

ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കാതെ വോട്ട് ചെയ്യാനെത്തില്ലെന്ന നിലപാടിലാണ് നന്ദിഗ്രാം ബ്ലോക്കിലെ വോട്ടർമാർ. നൂർപൂർ പഞ്ചായത്തിൽനിന്ന് ബാലറ്റ് കൊള്ളയടിച്ചെന്ന ആരോപണവുമുണ്ട്. ഖോലാഖലിയിലെ 44, 45 നമ്പർ ബൂത്തുകളിലെ ബാലറ്റ് പെട്ടികളിൽ പോളിങ് തുടങ്ങുന്നതിന് മുൻപ് തന്നെ വോട്ടുകൾ നിറച്ചതായും പരാതിയുയർന്നു.

ഇന്നലെയുണ്ടായ അക്രമങ്ങളിൽ പാർട്ടിയുടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in