'ലഖിംപൂര്‍ ഖേരി കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷമെടുക്കും'; സുപ്രീംകോടതിയില്‍ വിചാരണ കോടതി
കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കേസ് വിചാരണ നീളും. വിചാരണ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് ലഖിംപൂര്‍ ഖേരി വിചാരണക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. ഡിസംബറില്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
കേസില്‍ 208 സാക്ഷികളും 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണുള്ളത്. ഇത്രയും സാക്ഷികളുടെ വിചാരണ പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്നാണ് ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നത്. കേസില്‍ ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേസിലെ സാക്ഷികളില്‍ പലരുമിപ്പോള്‍ ഭീഷണി നേരിടുകയാണെന്നും ഇതിനോടകം തന്നെ മൂന്നു പേര്‍ക്കെതിരെ കൈയ്യേറ്റമുണ്ടായിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ആരോപണം പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോത്തഗി നിഷേധിച്ചു .
ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ ജനുവരി 13ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
2021ലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യാനായി ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ ഒത്തുകൂടിയ കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്രയും സംഘവും വാഹനമിടിച്ച് കയറ്റിയത്. മൂന്ന് കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ആശിഷ് മിശ്രയ്ക്ക് പുറമെ 12 പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.