ഹിജാബ് വിലക്ക് തിരിച്ചടിയായി;
ഉഡുപ്പിയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ കുറഞ്ഞു

ഹിജാബ് വിലക്ക് തിരിച്ചടിയായി; ഉഡുപ്പിയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ കുറഞ്ഞു

നിലവില്‍ ഭൂരിപക്ഷം മുസ്ലീം പെണ്‍കുട്ടികളും പഠനത്തിന് തിരഞ്ഞെടുക്കന്നത് സ്വകാര്യ വിദ്യാഭ്യാസ സഥാപനങ്ങളെയാണെന്നും റിപ്പോര്‍ട്ട്
Updated on
3 min read

ഉഡുപ്പിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മുസ്ലീം പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എത്ര മുസ്ലീം പെണ്‍കുട്ടികള്‍ പഠിക്കാന്‍ തിരഞ്ഞെടുക്കുന്നു എന്നു കണ്ടെത്താന്‍ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിലവില്‍ ഭൂരിപക്ഷം മുസ്ലീം പെണ്‍കുട്ടികളും പഠനത്തിന് തിരഞ്ഞെടുക്കുന്നത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് സീനിയര്‍ തലത്തില്‍ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പരീക്ഷയിലെ പങ്കാളിത്തത്തെയോ പെണ്‍കുട്ടികളുടെ പ്രവേശനത്തെയോ ബാധിച്ചില്ലെങ്കിലും അത് മറ്റൊരു തരത്തില്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ശിരോവസ്ത്രങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധങ്ങല്‍ പൊട്ടിപ്പുറപ്പെട്ട ഉഡുപ്പി ജില്ലയില്‍ മുസ്ലീം വിഭാഗത്തില്‍ പെട്ട നിരവധി വിദ്യാര്‍ഥികള്‍ ആണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സ്വകാര്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലേക്ക് മാറിയത് -റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2021-22 ല്‍ പ്രവേശനം നേടിയ മുസ്ലീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെ എണ്ണം 178 ആയിരുന്നു, അതില്‍ വലിയ രീതിയിലുള്ള ഇടിവാണ് സംഭവിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത്തവണ 91 പെണ്‍കുട്ടികള്‍ മാത്രമാണ് പ്രവേശനം നേടിയത്

ഇന്ത്യന്‍ എക്‌സ്പ്രസ് ശേഖരിച്ച കണക്കുകള്‍ പ്രകാരം ഉഡുപ്പിയിലെ എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും 11-ാം ക്ലാസില്‍ പ്രവേശിക്കുന്ന മുസ്ലീം വിദ്യാര്‍ഥികളുടെ എണ്ണം ഏതാണ്ട് തുല്യമാണ്. എന്നാല്‍ സര്‍ക്കാര്‍ പിയുസികളിലെ അവരുടെ പ്രവേശനം മുന്‍ വര്‍ഷത്തേതിനേക്കാള്‍ പകുതിയായി കുറഞ്ഞു. ഇത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണ്. ഡാറ്റ പ്രകാരം, 2021-22 ല്‍ 388 മുസ്ലീം വിഭാഗത്തില്‍ പെട്ട കുട്ടികളാണ് ഉഡുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളില്‍ പ്ലസ് വണിന് പ്രവേശനം നേടിയത്. എന്നാല്‍ 2022-23 വര്‍ഷമാകുമ്പോഴേക്ക് അത് 186 കുറഞ്ഞു. 2021-22 ല്‍ പ്രവേശനം നേടിയ മുസ്ലീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെ എണ്ണം 178 ആയിരുന്നു, അതില്‍ വലിയ രീതിയിലുള്ള ഇടിവാണ് സംഭവിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇത്തവണ 91 പെണ്‍കുട്ടികള്‍ മാത്രമാണ് പ്രവേശനം നേടിയത്. ആണ്‍ കുട്ടികളുടെ എണ്ണം 210ല്‍ നിന്നും 95 ലേക്കും കുറഞ്ഞു.

എന്നാല്‍ കര്‍ണാടക മുഴുവനായും പരിഗണിച്ചാല്‍ കോളേജുകളിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. ജില്ലയില്‍ സ്വകാര്യ, എയ്ഡഡ് പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഉടനീളമുണ്ടായ അവരുടെ അംഗബലത്തിലെ വര്‍ധനയാണ് ഈ കുറവ് നികത്തുന്നത്. 2021-22 കാലയളവില്‍ 662 പേരാണ് സ്വകാര്യ കോളേജുകളിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 927 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. കൂടാതെ ആണ്‍കുട്ടികളുടെ എണ്ണം 334 ല്‍ നിന്ന് 440 ആയും പെണ്‍കുട്ടികള്‍ 328 ല്‍ നിന്ന് 487 ആയും വര്‍ധിച്ചു.

ഉഡുപ്പിയിലെ സാലിഹാത്ത് പിയു കോളേജാണ് ഉദാഹരണം. കോളേജിലെ കണക്കനുസരിച്ച് 2021-22 ല്‍ 30 പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നിടത്ത് 2022-23 എത്തിയപ്പോള്‍ അത് 57 പേരായി ഉയര്‍ന്നു. ഇവിടെ ആദ്യമായാണ് മുസ്ലീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെ പ്രവേശനം ഇരട്ടിയാകുന്നത്. ഹിജാബ് പ്രശ്‌നം ആ മതവിഭാഗത്തില്‍ പെട്ടവരെ എങ്ങനെ ബാധിച്ചു എന്നതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

മറ്റൊരു സ്വകാര്യ സ്ഥാപനമായ അലിഹ്‌സാന്‍ പിയു കോളേജിലെ പ്രിന്‍സിപ്പല്‍ ഹബീബ് റഹ്‌മാന്റെ അഭിപ്രായത്തില്‍ ഹിജാബുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ നിന്ന് ആണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയായിരിക്കും മാതാപിതാക്കള്‍ അവരെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ ഉടലെടുക്കുന്ന രാഷ്ട്രീയവും വര്‍ഗീയവുമായ പ്രശ്‌നങ്ങളില്‍ നിന്നും കുട്ടികളെ മാറ്റി പൂര്‍ണമായും അച്ചടക്കത്തോടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് കുട്ടികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷ് പറയുന്നതനുസരിച്ച് ''എല്ലാ വിദ്യാര്‍ഥികളെയും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള വിദ്യഭ്യാസം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ പി യു കോളേജുകളിലെ അഡ്മിഷന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉണ്ടായ മുസ്ലീം വിഭാഗത്തില്‍ പെട്ട കുട്ടികളുടെ കുറവ് കൃത്യമായി പരിശോധിക്കും.''

കര്‍ണാടകയില്‍ സ്‌കൂളിലും കോളേജിലും പോകുന്ന മുസ്ലീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പുതിയ പ്രവണത ഉണ്ടാവുന്നത്. ഉന്നത വിദ്യാഭ്യാസത്തില്‍ മുസ്ലീം വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മൊത്തം ഹാജര്‍ അനുപാതം 2007-08 1.1 ശതമാനം ആയിരുന്നു. അത് 2017-18 ല്‍ 15.8 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ സര്‍വ്വേകള്‍ പറയുന്നു. കൂടാതെ രജിസ്റ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ഥികളും 2022 ഏപ്രിലില്‍ നടന്ന അവസാന പരീക്ഷയില്‍ പങ്കെടുത്തിരുന്നു എന്ന് തെക്കന്‍ കന്നടയിലെയും ഉഡുപ്പിയിലെയും പി യു ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പറയുന്നു. അതിനുശേഷം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഏറ്റവും പുതിയ അഡ്മിഷന്‍ ഡാറ്റ കാണിക്കുന്നത് സര്‍ക്കാര്‍ പിയുസികളില്‍ മുസ്ലീം വിഭാഗത്തിലെ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഇരട്ട അക്കത്തില്‍ കടക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ഉഡുപ്പി എന്നാണ്.

സര്‍ക്കാര്‍ പിയുസികളില്‍ മുസ്ലീം വിഭാഗത്തിലെ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഇരട്ട അക്കത്തില്‍ കടക്കാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ഉഡുപ്പി

മൊത്തത്തില്‍, 2022-23 ല്‍ ഉഡുപ്പിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്ലസ് വണ്ണിന് എല്ലാ വിഭാഗങ്ങളിലുമായി 4971 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം അത് 5962 പേരായിരുന്നു. അതുപോലെ ഉഡുപ്പിയിലെ സ്വകാര്യ പിയുസികളിലെ അഡ്മിഷന്‍ 5401 ല്‍ നിന്ന് 6773 ആയി ഉയര്‍ന്നിട്ടുണ്ട്.

ഉഡുപ്പിയിലെ ഗവണ്‍മെന്റ് പിയു കോളേജിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതിന്റെ അവരെ ക്ലാസില്‍ കയറ്റുന്നതില്‍ നിന്ന് വിലക്കുകയും അതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത യൂണിഫോം നിര്‍ബന്ധമായും തുടരാനുള്ള ഉത്തരവിനായി മറ്റ് ജില്ലകളിലേക്കും രാജ്യമൊട്ടാകെയും പ്രതിഷേധം വ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും കോളേജുകളില്‍ ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ അവരുടെ കാമ്പസുകളില്‍ ഹിജാബിനെ വിലക്കുന്നുണ്ട്. അതേസമയം, നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങിളില്‍ അവരുടെ യൂണിഫോമിന്റെ ഭാഗമായി തന്നെ ഹിജാബ് അനുവദിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ശരിവെച്ചുള്ളതായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി. സ്‌കൂള്‍ യൂണിഫോമിലെ നിയന്ത്രണങ്ങള്‍ മൗലികവകാശങ്ങള്‍ ലംഘിക്കുന്നതല്ലായെന്നാണ് കോടതി പറഞ്ഞത്. ഹൈക്കോടതി വിധി സപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും അവിടെ രണ്ടംഗബെഞ്ച് ഭിന്നവിധി പറയുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in