വിശാഖപട്ടണത്ത് വാതക ചോര്‍ച്ച; നൂറിലധികം സ്ത്രീകള്‍ ആശുപത്രിയില്‍
വാതകച്ചോര്‍ച്ചയെ തുടർന്ന് വിശാഖപട്ടണത്തെ വസ്ത്ര നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അനകാപല്ലെ ജില്ലയിലെ സീഡ്സ് അപ്പാരല്‍ ഇന്ത്യ യൂണിറ്റിലെ സ്ത്രീ തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 121 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിയില്‍ ജോലിക്കിടെ തലകറക്കവും ഛര്‍ദ്ദിയും ശ്വാസംമുട്ടലുമുള്ളതായി തൊഴിലാളികള്‍ പരാതിപ്പെടുകയായിരുന്നു.തൊട്ടുപിന്നാലെ ചിലർ അവിടെത്തന്നെ തളര്‍ന്നു വീഴുകയും ചെയ്തു.
അനകപല്ലിയിലെ അച്ചുതപുരം ഗ്രാമത്തിലെ 'സീഡ്സ് അപ്പാരല്‍ ഇന്ത്യ' എന്ന വസ്ത്ര നിര്‍മാണ കമ്പനിയില്‍ ആയിരത്തോളം സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് വാതക ചോര്‍ച്ചയെ തുടർന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇതിനുമുമ്പ് ജൂണ്‍ 3ന് സമാനമായ സംഭവത്തെ തുടര്‍ന്ന് ഇരുനൂറോളം സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വസ്ത്ര നിര്‍മാണ കമ്പനിയിലെ എയർകണ്ടീഷനിങ് സംവിധാനത്തില്‍ നിന്ന് വിഷവാതകം ചോര്‍ന്നുവെന്നാണ് നിഗമനം.
ഹൈദരബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലെ വിദഗ്ധ സംഘം ലാബ് പരിശോധിക്കുകയും വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലാബ് അടച്ചു പൂട്ടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്