കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവേസിന്റെ 538 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി
ജെറ്റ് എയർവേയ്‌സ് (ഇന്ത്യ) ലിമിറ്റഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 500 കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുൾപ്പെടെ നിരവധി വ്യക്തികളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള 17 പാർപ്പിട, വാണിജ്യ സ്വത്തുക്കളാണ് ഏജൻസി കണ്ടുകെട്ടിയത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങൾക്ക് പുറമെ ദുബായിലും ലണ്ടനിലുമാണ് സ്വത്തുക്കള്‍.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കേന്ദ്ര അന്വേഷണ ഏജൻസി 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഇ ഡി നടപടിയിൽ ഗോയലിന്റെ പേരിലുള്ളതിന് പുറമെ ജെറ്റ്എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ കീഴിലുള്ള സ്വത്തുക്കളും ഉൾപ്പെടുന്നു. കാനറാ ബാങ്കിന്റെ പരാതിയിൽ ഇ ഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ, ചൊവ്വാഴ്ച അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. നരേഷ് ഗോയലിനും മറ്റ് അഞ്ചുപേർക്കുമെതിരെയാണ് കുറ്റപത്രം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ കേസിൽ സെപ്റ്റംബർ ഒന്നിന് ഇ ഡി അറസ്റ്റുചെയ്ത ഗോയൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വായ്പാ പരിധിയായ 848.86 കോടി രൂപ വായ്പയെടുത്ത ജെറ്റ് എയർവെയ്‌സ് 538.62 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് കാനറാ ബാങ്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജെറ്റ് എയർവേയ്‌സ്, നരേഷ് ഗോയൽ, ഭാര്യ അനിത, സ്വകാര്യ എയർലൈനിലെ ചില കമ്പനി മുൻ എക്‌സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നാണ് ഇഡിയും കേസെടുത്തത്.
വിദേശ രാജ്യങ്ങളിൽ വിവിധ ട്രസ്റ്റുകൾ സൃഷ്ടിച്ച് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഗോയൽ പണം കടത്തിയതായി റിമാൻഡ് ഹിയറിങ്ങിനിടെ സിബിഐ ആരോപിച്ചിരുന്നു. വിദേശത്ത് വിവിധ ട്രസ്റ്റുകൾ ഉണ്ടാക്കി സ്ഥാവര സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.