രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍; 4 ജിയേക്കാള്‍ പത്ത് മടങ്ങ് വേഗതയെന്ന് കേന്ദ്രം
രാജ്യത്ത് ഒക്ടോബര്‍ 12 മുതൽ 5 ജി സേവനം നല്‍കി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. സേവനം രാജ്യത്തുടനീളം അതിവേഗം വ്യാപിപ്പിക്കാനും എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയുമാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.
4 ജിയേക്കാള്‍ പത്ത് മടങ്ങ് വേഗത വാഗ്ദാനം ചെയ്താണ് 5 ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു , പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാക്കുക.
5 ജി സേവനം ആരംഭിക്കാൻ തയ്യാറെടുക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം കമ്പനികൾക്ക് നിര്‍ദേശം നൽകിയിരുന്നു
അടുത്ത രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5 ജി സേവനം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. നഗരങ്ങളിലും ഗ്രാമങ്ങളിലും സേവനം കൂടുതല്‍ വ്യാപിപ്പിക്കും. 5 ജി സേവനം ആരംഭിക്കാൻ തയ്യാറെടുക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം കമ്പനികൾക്ക് നിര്‍ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
കഴിഞ്ഞ മാസമായിരുന്നു 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വില്‍പ്പനയാണ് ലേലത്തിലൂടെ നടന്നത്. ഭാരതി എയര്‍ടെല്‍, വിഐ, റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തില്‍ സ്‌പെക്ട്രം സ്വന്തമാക്കിയത്.