5ജിയിലേക്ക് കുതിച്ച് ഇന്ത്യ; സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു
രാജ്യം ഇന്ന് മുതല്‍ 5ജിയിലേക്ക്. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം രാജ്യത്തിന് സമര്‍പ്പിക്കും. ഘട്ടം ഘട്ടമായിട്ടാണ് രാജ്യത്ത് 5ജി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളിലാകും സേവനം ലഭ്യമാകുക.
ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ചണ്ഡീഗഡ്,ഡല്‍ഹി, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഗുരുഗ്രാം, ജാംനഗര്‍, കൊല്‍ക്കത്ത, മുംബൈ, ലക്‌നൗ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി പ്രവര്‍ത്തനം ആരംഭിക്കുക. 4ജിയേക്കള്‍ നൂറിരട്ടി വേഗതയിലാകും 5ജി സേവനം. അതിനാല്‍ തന്നെ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കും. 2030ഓടെ ഇന്ത്യയിലെ മൊത്തം കണക്ഷനുകളുടെ മൂന്നിലൊന്നില്‍ കൂടുതലും 5ജി ആകും. 2ജി, 3ജി എന്നിവയുടെ വിഹിതം 10 ശതമാനത്തില്‍ താഴെയായി ചുരുങ്ങുമെന്നും പറയുന്നു.
5 ജി സേവനം പൊതുജനങ്ങളിലേക്ക് എന്നെത്തും, നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത് വര്‍ഷങ്ങളുടെ തീവ്രമായ തയ്യാറെടുപ്പിന് ശേഷമാണ്.