'ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണം 63 ശതമാനവും തടയാനാകുമായിരുന്നു'; ലാന്‍സെറ്റ് റിപ്പോർട്ട്

'ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണം 63 ശതമാനവും തടയാനാകുമായിരുന്നു'; ലാന്‍സെറ്റ് റിപ്പോർട്ട്

രോഗത്തിന്റെ അപകടസാധ്യത തിരിച്ചറിയാതിരിക്കുക രോഗം മുൻകൂട്ടി കണ്ടുപിടിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് മരണങ്ങള്‍ വര്‍ധിക്കാനിടയാക്കിയത് എന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്
Updated on
1 min read

ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഉണ്ടായ കാൻസർ മരണങ്ങളിൽ ഏകദേശം 63 ശതമാനവും തടയാനാകുമായിരുന്നുവെന്ന് റിപ്പോർട്ട്. രോഗത്തിന്റെ അപകടസാധ്യത തിരിച്ചറിയാതിരിക്കുക രോഗം മുൻകൂട്ടി കണ്ടുപിടിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് മരണങ്ങള്‍ വര്‍ധിക്കാനിടയാക്കിയത് എന്നാണ് ലാൻസെറ്റ് കമ്മീഷൻ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. 2020ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ലാൻസെറ്റ് റിപ്പോർട്ട് തയാറാക്കിയത്.

രാജ്യത്തെ സ്ത്രീകൾക്കിടയിലുണ്ടായ 69 ലക്ഷം കാൻസർ മരണങ്ങൾ തടയാവുന്നവയും 40 ലക്ഷം കേസുകൾ ചികിത്സിക്കാൻ കഴിയുന്നവയുമായിരുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. 'വുമൺ, പവർ ആൻഡ് കാൻസർ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സ്ത്രീകളുടെ ആരോഗ്യത്തോടുള്ള സാമൂഹിക ഉദാസീനതയും പ്രാഥമിക പരിചരണ തലത്തിലുള്ള അവബോധമില്ലായ്മയും ഗുണനിലവാര വൈദഗ്ധ്യത്തിന്റെ അഭാവവുമാണ് മരണങ്ങൾ വർധിക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരായ സ്ത്രീകളിൽ നിരവധി പേർ ഗാർഹിക പീഡനങ്ങളും ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്. അവർക്ക് ചികിത്സ ലഭ്യമാകാതിരിക്കുകയും അതിലൂടെ അവസ്ഥ മോശമാകുകയുമാണ് പതിവെന്ന് പഠനം കണ്ടെത്തുന്നു.

അർബുദം ബാധിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കൂടുതൽ പക്വമായ രീതികൾ അവലംബിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. സ്ത്രീകൾക്കെതിരെയുള്ള സാമ്പ്രദായിക വിവേചനങ്ങളെക്കുറിച്ചും റിപ്പോർട്ട് പറയുന്നു. ഇത്തരം വിവേചനങ്ങളിലൂടെ സ്ത്രീകൾക്ക് അധികാരം ലഭിക്കുന്നില്ലെന്നും അവരുടെ പരിചരണത്തിന് ആവശ്യമായ നയങ്ങൾ കണ്ടറിഞ്ഞ് തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയും രാജ്യത്തുണ്ട്. ദേശീയ ആരോഗ്യച്ചെലവിന്റെ 3.66 ശതമാനമാണ് സ്ത്രീകൾക്കുള്ള സൗജന്യ കാൻസർ ചികിത്സയ്ക്കായി മാറ്റിവയ്ക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

'ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണം 63 ശതമാനവും തടയാനാകുമായിരുന്നു'; ലാന്‍സെറ്റ് റിപ്പോർട്ട്
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം, നേട്ടം വനിതകളുടെ ഷൂട്ടിങ്ങില്‍

സ്തനം, അണ്ഡാശയം, സെർവിക്ക്സ് (ഗര്‍ഭാശയമുഖം) എന്നിവയെ ബാധിക്കുന്ന അര്‍ബുദമാണ് രാജ്യത്തെ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ അര്‍ബുദബാധയെ തുടര്‍ന്നുള്ള 23 ശതമാനം സ്ത്രീകളുടെ മരണത്തിനും കാരണമാകുന്നത് അണുബാധയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാൻസർ സാധ്യത വർധിപ്പിക്കുന്ന അണുബാധകളിൽ സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന എച്ച്പിവി വൈറസ്, കരൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ എന്നിവയാണ് കൂടുതലായി കാണപ്പെടുന്നത്. പുകയില ഉപയോഗവും ഇന്ത്യൻ സ്ത്രീകളിൽ കാൻസർ ബാധയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ആറ് ശതമാനം കാൻസറും ബാധിക്കുന്നത് പുകയിലയുടെ അമിതമായ ഉപയോഗത്തിലൂടെയാണ്.

'ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ മരണം 63 ശതമാനവും തടയാനാകുമായിരുന്നു'; ലാന്‍സെറ്റ് റിപ്പോർട്ട്
വിവാഹ ആഘോഷങ്ങള്‍ക്കിടെ തീപിടിത്തം; ഇറാഖില്‍ വധൂവരന്മാരടക്കം നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു

കാൻസർ മൂലമുള്ള അകാലമരണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അകാല ക്യാൻസർ മരണങ്ങളുടെ ഫലമായി രാജ്യങ്ങളുടെ ഉത്പാദനക്ഷമത കുറയുന്നതാണ് പ്രധാന വെല്ലുവിളി. അതുവഴി ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങൾക്ക് 46.3 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിച്ചതായും ലാൻസെറ്റ് റിപ്പോർട്ട് പറയുന്നു.

logo
The Fourth
www.thefourthnews.in