'ഭരണഘടനാവിരുദ്ധം;' സ്വകാര്യ മേഖലയിലെ 75 ശതമാനം സംവരണം റദ്ദാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി
30,000 രൂപയിൽ താഴെ മാസശമ്പളമുള്ള സ്വകാര്യമേഖലയിലെ ജോലികളിൽ ഹരിയാനയിലെ തദ്ദേശീയർക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നിയമം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, ജസ്റ്റിസ് ഹർപ്രീത് കൗർ ജീവൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
ഹരിയാനയിൽ ഒരു വർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ ബിജെപി സർക്കാരിനേറ്റ തിരിച്ചടി കൂടിയാണ് പുതിയ വിധി. ജാട്ട് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക സമുദായങ്ങളുടെ വോട്ട് ഏകീകരിക്കാൻ ലക്ഷ്യമിട്ടായിരുന്നു മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംവരണ നിയമം കൊണ്ടുവരുന്നത്. ഈ ലക്ഷ്യത്തിനേറ്റ കനത്ത പ്രഹരമായാണ് വിധിയെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകാനാണ് സാധ്യത.
സ്വകാര്യ തൊഴിലുടമകൾക്ക് അവരുടെ കച്ചവടം നടത്താനുള്ള മൗലികാവകാശങ്ങളിൽ സർക്കാർ നടത്തുന്ന അഭൂതപൂർവമായ കടന്നുകയറ്റമാണ് ഈ സംവരണനിയമം എന്നായിരുന്നു ഹർജിക്കാരിൽ ഒരാളായ ഫരീദാബാദ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ പ്രധാനവാദം. ഈ നിയമം ന്യായയുക്തമല്ലെന്നും ഏകപക്ഷീയമാണെന്നും അവർ വാദിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ തത്വങ്ങൾക്കും വിരുദ്ധമാണ് ഈ നിയമമെന്നും കോടതിയിൽ വാദമുയർത്തിയിരുന്നു.
2020 നവംബറിൽ പാസാക്കിയ ഹരിയാന സ്‌റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ആക്‌ട് പ്രകാരമാണ് സ്ഥിരതാമസ സർട്ടിഫിക്കറ്റുള്ള ആളുകൾക്കായി സംവരണം ഏർപ്പെടുത്തിയത്. 15 വർഷമെങ്കിലും സംസ്ഥാനത്ത് താമസിക്കണമെന്നായിരുന്നു ആദ്യത്തെ ഉപാധിയെങ്കിൽ അതുപിന്നീട് അഞ്ചായി കുറച്ചിരുന്നു.
2021 മാർച്ചിലാണ് ഗവർണറുടെ അനുമതി ലഭിച്ച് നിയമം പ്രാബല്യത്തിൽ വന്നത്. സംസ്ഥാനത്തെ ബിജെപി സഖ്യകക്ഷിയായ ജനനായക് ജനതാ പാർട്ടിയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ 2019 നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംവരണം.
വാദം കേൾക്കുന്നത് നേരത്തെ പൂർത്തിയായിരുന്നെങ്കിലും വിധിപറയാൻ നവംബർ 17ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ, 2022-ൽ സംവരണം നടപ്പിലാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ സുപ്രീംകോടതി പിന്നീട് സ്റ്റേ നീക്കിയിരുന്നു.