ശൈശവ വിവാഹം: അസമിൽ അറസ്റ്റിലായവരിൽ 78 സ്ത്രീകളും

ശൈശവ വിവാഹം: അസമിൽ അറസ്റ്റിലായവരിൽ 78 സ്ത്രീകളും

2,500ലധികം പേരെ അറസ്റ്റ് ചെയ്തതില്‍ 78 പേരും സ്ത്രീകളാണ്
Updated on
1 min read

ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 78 സ്ത്രീകളും. ശൈശവ വിവാഹത്തിന് ഒത്താശ ചെയ്തവരാണ് ഇവര്‍. സ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്ത് ഉയരുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പോലീസ് വാദം.

ശൈശവ വിവാഹ നിരോധന നിയമത്തിലെ 15 -ാം വകുപ്പ് പ്രകാരം കുറ്റക്കാർ, അത് സ്ത്രീയാണെങ്കിലും വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം

അസമില്‍ ശൈശവ വിവാഹത്തിനെതിരെ വ്യാപക പോലീസ് നടപടിയാണ് ഉണ്ടാകുന്നത്. 2,500ലധികം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചവരെയുള്ള കണക്കാണ് ഇത്. 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം, കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള ഏതൊരു വ്യക്തിയും വിവാഹം പ്രോത്സാഹിപ്പിക്കുകയോ നടത്താന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ബാല വിവാഹത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. കേസില്‍ ഉള്‍പ്പെടുന്നത് സ്ത്രീകളാണെങ്കില്‍, അവരെ തടവിലിടരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇത് അറസ്റ്റില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള സ്ത്രീകൾ ഭർത്താവിന്റെയോ ഭാര്യയുടെയോ അമ്മമാരാണ്

ശൈശവ വിവാഹത്തിന് സൗകര്യമൊരുക്കിയവരാണ് അറസ്റ്റിലായ സ്ത്രീകളില്‍ അധികവുമെന്ന് അസം ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ ഭുയാന്‍ പറഞ്ഞു. എല്ലാ കേസുകളിലും വിവാഹത്തിന് സൗകര്യമൊരുക്കിയ ബന്ധുക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണ സമയത്ത് ലഭിച്ചിട്ടുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹ നിരോധന നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം, ശൈശവ വിവാഹ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്തതാണ്. അതായത് കുറ്റാരോപിതരായ വ്യക്തികളെ, അത് സ്ത്രീയാണെങ്കിലും , വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. കോടതിയില്‍ നിന്ന് ജാമ്യം തേടണം. അറസ്റ്റിനായി സിആര്‍പിസി അഞ്ചാം അധ്യായം പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നുമാത്രം. ഇത് പോലീസ് നടപടി ശരിവയ്ക്കുന്നു.

ശൈശവ വിവാഹം: അസമിൽ അറസ്റ്റിലായവരിൽ 78 സ്ത്രീകളും
പുരോഗമനപരമോ ഏകപക്ഷീയമോ? ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലെന്ത്‌

ശൈശവ വിവാഹം നിയമപരമായി നിരോധിക്കപ്പെട്ട ഇന്ത്യയില്‍, ശൈശവ വിവാഹം തടയാന്‍ പ്രത്യേക ഇടപെടല്‍ നടത്തുന്ന അസം സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാണ്. എന്നാല്‍, പൊതുജനാരോഗ്യത്തിനും പൊതുജനക്ഷേമത്തിനും വേണ്ടിയാണ് ശൈശവ വിവാഹ വിഷയത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഇടപെടല്‍ എന്നാണ് അസം മുഖ്യമന്തി ഹിമന്ത ബിശ്വശര്‍മയുടെ വിശദീകരണം. സംസ്ഥാനത്തെ കൗമാരഗര്‍ഭധാരണം 16.8 ശതമാനമാണ്. ഇത് കുറയ്ക്കുക എന്ന ലക്ഷ്യം നേടും വരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in