ബോംബെ ഹൈക്കോടതി
ബോംബെ ഹൈക്കോടതി

സ്വാതന്ത്ര്യത്തിനും മുൻപ് ആരംഭിച്ച സ്വത്ത് തർക്കം; എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒത്തുതീർപ്പാക്കി ബോംബെ ഹൈക്കോടതി

കേസിൽ 93കാരിയായ ആലിസ് ഡിസൂസയ്ക്ക് ഫ്ലാറ്റുകൾ കൈമാറാനും മെയ് നാലിന് കോടതി ഉത്തരവിട്ടു.
Updated on
1 min read

എട്ട് പതിറ്റാണ്ട് നീണ്ടു നിന്ന സ്വത്ത് തർക്കത്തിന് വിരാമമിട്ട് ബോംബെ ഹൈക്കോടതി. സൗത്ത് മുംബൈയിലുള്ള ഫ്ലാറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കത്തിനാണ് ഒടുവിൽ അന്ത്യമാകുന്നത്. കേസിൽ 93കാരിയായ ആലിസ് ഡിസൂസയ്ക്ക് ഫ്ലാറ്റുകൾ കൈമാറാനും മെയ് നാലിന് കോടതി ഉത്തരവിട്ടു.

സൗത്ത് മുംബൈയിലെ റൂബി മാൻഷനിലുള്ള രണ്ട് ഫ്ളാറ്റുകളെ സംബന്ധിച്ച തർക്കം ആരംഭിക്കുന്നത് 1940കളിലാണ്. സ്വതന്ത്രപൂർവ ഇന്ത്യയിൽ നിലനിന്നിരുന്ന ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം, അന്നത്തെ ബ്രിട്ടീഷ് അധികാരികൾക്ക് സ്വകാര്യ ആസ്തികൾ ഏറ്റെടുക്കാൻ കഴിയുമായിരുന്നു (റിക്വിസിഷൻ). ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ആലിസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്ലാറ്റ്, 1942 മാർച്ച് 28ന് ഏറ്റെടുക്കപ്പെടുന്നത്.

1946ലെ ഡി-റിക്വിസിഷൻ ഉത്തരവ് പരിഗണിച്ച് ഫ്ലാറ്റ് കൈമാറാൻ മഹാരാഷ്ട്ര സർക്കാരിനും മുംബൈ കളക്ടർക്കും നിർദ്ദേശം നൽകണമെന്നായിരുന്നു ആലിസിന്റെ ഹർജിയിലെ ആവശ്യം

നാല് വർഷങ്ങൾക്കിപ്പുറം 1946 ജൂലൈയിൽ പ്രസ്തുത വകുപ്പ് പിൻവലിക്കുകയും ഏറ്റെടുത്ത വസ്തുവകകൾ യഥാർത്ഥ ഉടമസ്ഥർക്ക് കൈമാറാനും ഉത്തരവായിരുന്നു. എന്നാൽ ആലിസിന്റെ ഫ്ലാറ്റ് കൈമാറിയിരുന്നില്ല. അന്ന് ഫ്ലാറ്റ് കൈവശപ്പെടുത്തിയ ഡിഎസ് ലൗഡെന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ നിയമപരമായ അവകാശികളാണ് നിലവിൽ ഫ്ലാറ്റ് കൈവശം വച്ചിരിക്കുന്നത്. എന്നാൽ തനിക്ക് അവകാശപ്പെട്ട സ്വത്ത് വിട്ടുനൽകില്ലെന്ന ആലിസിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

ജസ്റ്റിസുമാരായ ആർഡി ധാനുകയും എംഎം സതായേയും അംഗങ്ങളായ ബെഞ്ചാണ് ദശാബ്ദങ്ങൾ നീണ്ട സ്വത്ത് തർക്ക കേസിൽ വിധി പ്രസ്താവിച്ചത്. 1946ലെ ഡി റിക്വസിഷൻ ഉത്തരവ് പ്രകാരം, ആലിസിന് ഫ്ലാറ്റ് കൈമാറിയിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. സ്ഥലത്തിന്റെ ഭൗതിക കൈവശം ഒരിക്കലും ഉടമയ്ക്ക് (ആലിസ്) കൈമാറിയിട്ടില്ലെന്നും അതിനാൽ ഡി- റിക്വിസിഷൻ പൂർത്തിയായിട്ടില്ലെന്നും ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ, ഫ്ളാറ്റുകള്‍ റിക്വിസിഷൻ ഉത്തരവിന്റെ കീഴിൽ തന്നെയാണ് തുടരുന്നത്" ഹൈക്കോടതി പറഞ്ഞു. കൂടാതെ, ഇപ്പോഴുള്ള താമസക്കാരിൽ നിന്ന് എട്ടാഴ്ച്ചയ്ക്കകം ഫ്ലാറ്റ് കൈവശപ്പെടുത്തി സമാധാനപരമായ രീതിയിൽ ഹർജിക്കാരന് കൈമാറണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

1946ലെ ഡി-റിക്വിസിഷൻ ഉത്തരവ് പരിഗണിച്ച് ഫ്ലാറ്റ് കൈമാറാൻ മഹാരാഷ്ട്ര സർക്കാരിനും മുംബൈ കളക്ടർക്കും നിർദ്ദേശം നൽകണമെന്നായിരുന്നു ആലിസിന്റെ ഹർജിയിലെ ആവശ്യം. അതേസമയം, നിലവിലെ താമസക്കാർ ആലിസിന്റെ ഹർജിയെ എതിർത്ത് രംഗത്ത് വരികയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in