പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനിടെ 4,484 കസ്റ്റഡി മരണങ്ങള്‍; കേരളത്തില്‍ 83, മുന്നില്‍ യുപി

പോലീസ് സംവിധാനം സംസ്ഥാന വിഷയമാണെന്നാണ് കേന്ദ്രം
Updated on
2 min read

ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 4500 ഓളം കസ്റ്റഡി മരണങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. 2020-21 വര്‍ഷത്തില്‍ 1940 കസ്റ്റഡി മരണങ്ങളും, 2021-22 സമയത്ത് 2544 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍. ഉത്തര്‍ പ്രദേശാണ് കസ്റ്റഡി മരണങ്ങളില്‍ ഒന്നാം സ്ഥാനത്ത്. 952 മരണങ്ങളാണ് സംസ്ഥാനത്ത് രണ്ട് വര്‍ഷ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 442 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചിമ ബംഗാളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

കേരളത്തില്‍ ഇക്കാലയളവില്‍ 83 കസ്റ്റഡി മരണങ്ങളാണ് നടന്നത്. 2020-21 സമയത്ത് 35 കസ്റ്റഡി മരണങ്ങളും 2021-22 ല്‍ 48 എണ്ണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുസ്ലിം ലീഗ് എംപി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിവരമനുസരിച്ചുള്ള രേഖകളാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയെ അറിയിച്ചത്. രേഖകള്‍ പ്രകാരം 2020-21ല്‍ 1,940 കസ്റ്റഡി മരണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2021-22ല്‍ എന്നതില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടായി. 2,544 കേസുകളാണ് 2021-22ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തെ ഏറ്റുമുട്ടല്‍ കൊലകളുടെ കണക്കും കസ്റ്റഡി മരണങ്ങളുടെ പട്ടികയ്‌ക്കൊപ്പം പ്രത്യേകം നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനം 233 പേര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ഛത്തിസ്ഗഡിലാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണം കൂടുതല്‍. 54 കൊലകളാണ് ഇക്കാലളവില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജമ്മു കശ്മീരാണ് രണ്ടാം സ്ഥാനത്ത്. 2020-21ൽ അഞ്ചു കേസുകളായിരുന്നുവെങ്കിൽ 2021-22 ആയപ്പോഴേക്കും 45 കേസ് കൂടി ജമ്മു കശ്മീരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. യുപിയില്‍ 27 പേരും വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കസ്റ്റഡി മരണങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്
കസ്റ്റഡി മരണങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്കേന്ദ്ര അഭ്യന്തര മന്ത്രാലയം

ബിജെപി സർക്കാറിന്‍റെ ഭരണത്തിലുള്ള ഉത്തർപ്രദേശിൽ 2020-21 ൽ 451 പേരാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിൽ 185 പേരും, ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശിൽ 163 പേരും ഇത്തരത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2021-22ൽ, യുപിയിൽ 501 ഉം, പശ്ചിമ ബംഗാളിൽ 257 ഉം മധ്യപ്രദേശ് 201 ഉം കസ്റ്റഡി മരണങ്ങളും സംഭവിച്ചു. മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ ഉത്തർപ്രദേശിൽ 952 ഉം രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ 442 കസ്റ്റഡി മരണങ്ങളും സംഭവിച്ചു.

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കണക്ക്
ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കണക്ക്കേന്ദ്ര അഭ്യന്തര മന്ത്രാലയം

കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നു എന്ന് കണക്കുകളില്‍ വ്യക്തമാകുമ്പോള്‍ ഇതിന് തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്. പോലീസ് സംവിധാനം സംസ്ഥാന വിഷയമാണെന്നാണ് ഇതിന് കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പോലീസും പൊതു ക്രമവും സംസ്ഥാന വിഷയങ്ങളാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചൂണ്ടിക്കാട്ടുന്നു. പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.

കസ്റ്റഡി മരണങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷനും, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമവും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെടുന്ന പരാതികള്‍ എന്‍എച്ച്ആര്‍സിക്ക് ലഭിക്കുമ്പോള്‍, 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം അനുസരിച്ച് കമ്മീഷന്‍ നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്‍എച്ച്ആര്‍സി വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ചും പ്രത്യേകിച്ച്, കസ്റ്റഡിയിലുള്ള വ്യക്തികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും നന്നായി മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in