കുട്ടികൾക്കിടയിലെ സൈബർ അധിക്ഷേപം; മുൻ നിരയിൽ ഇന്ത്യ
ഇന്ത്യയിൽ മൊബെെൽ ഫോൺ ഉപയോഗിക്കുന്ന 85 ശതമാനം കുട്ടികളും സൈബർ അധിക്ഷേപം നേരിടുന്നവരാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കമ്പ്യൂട്ടർ സുരക്ഷാ സോഫ്‌റ്റ്‌വെയർ കമ്പനിയായ മക്അഫീ നടത്തിയ സർവേയിലാണ് ഇക്കാര്യം പുറത്തുവന്നത്. രാജ്യത്ത് 10 വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്നു കുട്ടികളില്‍ ഒരാളെങ്കിലും സെെബർ ഭീഷണിക്ക് ഇരകളാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ ഇത് 28 ശതമാനമാണ്. ഇതോടെ സെെബർ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതെത്തി.
ട്രോൾ രൂപത്തിലുള്ള വംശീയ സെെബർ അധിക്ഷേപങ്ങൾക്കാണ് കൂടുതൽ കുട്ടികളും ഇരകളാകുന്നത്. അത് 36 ശതമാനമാണെന്നും കണക്കുൾ പറയുന്നു. വ്യക്തപരമായ ആക്രമണങ്ങൾ 29 ശതമാനമാണ്. ലെെംഗിക അതിക്രമം നേരിടുന്നത് 30 ശതമാനം കുട്ടികളും, അപായപ്പെടുത്തുമെന്ന ഭീഷണി നേരിടുന്നത് 28 ശതമാനം കുട്ടികളുമാണ്. അതിനു പുറമേ 23 ശതമാനം കുട്ടികളുടെ വ്യക്തിഗത വിവരക്കണക്കുകൾ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതായും സർവേയിൽ വ്യക്തമായി. ഈ കണക്കുകളെല്ലാം ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
ജൂൺ 15 നും ജൂലൈ 5 നും ഇടയിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 11,687 മാതാപിതാക്കളെയും അവരുടെ കുട്ടികളെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇന്ത്യ, കാനഡ, ജപ്പാൻ, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. അതേസമയം സെെബർ ആക്രമണങ്ങൾക്ക് ഇരകളാകുന്ന 45 ശതമാനം കുട്ടികളും തങ്ങൾ നേരിടുന്ന പ്രശ്നം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുന്നതായും സർവേയിൽ കണ്ടെത്തി.