കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം; പൊതു തിരഞ്ഞെടുപ്പും സഖ്യ രൂപീകരണവും പ്രധാന ചർച്ചാവിഷയം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഇന്ന് തുടക്കം. നാല് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പ്ലീനറി സമ്മേളനം ചേരുന്നത്. മാത്രവുമല്ല നീണ്ട 26 വർഷങ്ങൾക്കിപ്പുറം ആദ്യമായി ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ പ്ലീനറി സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്റെ പ്രസക്തി വലിയ ചര്‍ച്ചയാകുന്ന സമയത്താണ് കോണ്‍ഗ്രസ് നിര്‍ണായക പ്ലീനറി സമ്മേളത്തിന് ഒരുങ്ങുന്നത്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇത്തവണ സമ്മേളനത്തിന്റെ അധ്യക്ഷൻ.
പ്ലീനറി ചര്‍ച്ചകളാണ് കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളുടെയെല്ലാം തുടക്കം. രാജ്യത്തിന്റെ വർത്തമാന സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കുക എന്നതായിരിക്കും പ്ലീനറി സമ്മേളനത്തിന്റെ പ്രധാന അജണ്ട. 2024ലെ പൊതു തിരഞ്ഞെടുപ്പാണ് സമ്മേളനം പ്രധാനമായും ഉന്നംവയ്ക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം മുന്‍കൈയെടുക്കുമെന്ന വിലയിരുത്തലാകും രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തിന്റെ കാതല്‍.
ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷത്ത് രൂപപ്പെട്ട സഹകരണമനോഭാവം ഉപയോഗിച്ചും, കൃത്യമായ നയരൂപീകരണത്തിലൂടെയും പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന് മുന്‍പിലുള്ള അടിസ്ഥാന ലക്ഷ്യങ്ങള്‍. പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം.
പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം മുന്‍കൈയെടുക്കുമെന്നതിന്റെ വിലയിരുത്തലാകും രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തിന്റെ കാതല്‍
എഐസിസി അംഗങ്ങളും വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 15,000 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. താരിഖ് അൻവറിനാണ് സമ്മേളനത്തിന്റെ മേൽനോട്ടം. പാർട്ടിയുടെ ഭാവിവളർച്ചയ്ക്ക് വേണ്ടി എപ്രകാരം മുന്നോട്ട് പോകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകുമെന്നും താരിഖ് വ്യക്തമാക്കിയിരുന്നു. ചില പുതിയ വിഷയങ്ങളിലും ഉദയ്പൂർ പ്രഖ്യാപനത്തിലും ചർച്ചകളുണ്ടാകുമെന്നും കെസി വേണുഗോപാലും നേരത്തെ സൂചന നൽകിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയുടെ ആവേശം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നടത്തുന്ന 'ഹാഥ് സെ ഹാഥ് ജോഡോ' ക്യാമ്പയിനാണ് പ്ലീനറി സമ്മേളനത്തിന്റെ പ്രമേയമെന്നും മുതിർന്ന നേതാക്കൾ പറയുന്നു.
സമ്മേളനം നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് പവൻ ഖേരയെ അസം പോലീസ് അറസ്റ്റ് ചെയ്തതും ചർച്ചയാകും. റായ്‌പൂരിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ അദ്ദേഹത്തെ പുറത്തിറക്കിയാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് പ്ലീനറി സമ്മേളനം സമാപിക്കുക. തുടർന്ന് എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന പതിവ് റാലി ഉണ്ടാകുമെന്നും പ്ലീനറി സമ്മേളനത്തിന്റെ ചുമതലയുള്ള എഐസിസി ട്രഷറർ പവന്‍ ബന്‍സാല്‍ പറഞ്ഞു.