പരീക്ഷയിൽ തോറ്റു; ആന്ധ്രയില്‍ 48 മണിക്കൂറില്‍ ഒൻപത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി
ആന്ധ്രാ പ്രദേശില്‍ പ്ലസ് 1, പ്ലസ് 2 പരീക്ഷാഫലം വന്ന് 48 മണിക്കൂറിനുള്ളില്‍ ഒൻപത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ആന്ധ്രാ പ്രദേശ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് പരീക്ഷയില്‍ ജയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റ് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.
ബുധനാഴ്ചയാണ് പ്ലസ് 1, പ്ലസ് 2 ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നത്. 10 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് 1-ല്‍ 61 ശതമാനവും പ്ലസ് ടുവിന് 72 ശതമാനവുമായിരുന്നു വിജയം. പരീക്ഷ പാസാകാത്തതിലും മാർക്ക് കുറഞ്ഞതിലും മനംനൊന്താണ് വിദ്യാർഥികളുടെ ആത്മഹത്യ.
ശ്രീകാകുളം ജില്ലയിലെ 17കാരനായ ബി തരുൺ ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്. പ്ലസ് 1 പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിരാശനായിരുന്നുവെന്നാണ് റിപ്പോർട്ട്. വിശാഖപട്ടണത്തെ മല്‍കാപുരത്ത് പതിനാറ് വയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്ലസ് 1 പരീക്ഷയില്‍ ചില വിഷയങ്ങളില്‍ കുട്ടി തോറ്റിരുന്നു.
പ്ലസ് ടു പരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വിശാഖപട്ടണത്തെ കഞ്ചാപാലത്ത് 18 വയസുകാരനും ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ 17 വയസുകാരായ രണ്ട് വിദ്യാർഥികളാണ് പരീക്ഷാഫലം വന്നതിന് പിന്നാലെ ജീവനൊടുക്കിയത്. ഒരു പെൺകുട്ടി തടാകത്തിൽ ചാടിയും അതേ ജില്ലയിലെ ഒരു ആൺകുട്ടി കീടനാശിനി കഴിച്ചുമാണ് ആത്മഹത്യ ചെയ്തത്. പ്ലസ് 1 പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് 17വയസുള്ള മറ്റൊരു വിദ്യാർഥി അനകപ്പള്ളിയിലെ വീട്ടിൽ തൂങ്ങിമരിച്ചു.
രാജ്യത്തെ ഐഐടി അടക്കമുള്ള കോളേജുകളിൽ വിദ്യാർഥി ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വാർത്തയും വന്നിരിക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) പല ക്യാംപസുകളിലായി നാല് കുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു.