പത്ത് ദളിതരെ കൊലപ്പെടുത്തിയ തൊണ്ണൂറുകാരന് ജീവപര്യന്തം; വിധി 42 വര്‍ഷത്തിനുശേഷം
നാലു പതിറ്റാണ്ട് മുമ്പ് നടത്തിയ കൂട്ടക്കൊലയ്ക്ക് തൊണ്ണൂറുകാരനെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് കോടതി. ഉയര്‍ന്ന ജാതിക്കാരനായ റേഷന്‍ കടയുടമയ്‌ക്കെതിരേ പരാതി നല്‍കിയതിന് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 1981-ല്‍ 10 ദളിതരെ വെടിവച്ചുകൊന്ന കേസിലാണ് നാലു പതിറ്റാണ്ടിനു ശേഷം വിധി പ്രസ്താവിച്ചത്.
കേസില്‍ ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗാ ദയാലിനെയാണ് ഫിറോസാബാദ് ജില്ലാ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം 55,000 രൂപ പിഴയടക്കാനും കോടതി ആവശ്യപ്പെട്ടു. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതി 13 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. ജില്ലാ ജഡ്ജി ഹര്‍വീര്‍ സിങ്ങാണ് ശിക്ഷ വിധിച്ചത്.
ഉയര്‍ന്ന ജാതിക്കാരനായ റേഷന്‍ കടയുടമയ്ക്കെതിരെ പരാതിപ്പെട്ടതിനാണ് സാധുപൂര്‍ ഗ്രാമത്തിലെ 10 ദളിതര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് 1981 ഡിസംബറില്‍ 42 വര്‍ഷം മുമ്പ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. ഉയര്‍ന്ന ജാതിക്കാരനായ റേഷന്‍ കടയുടമയ്ക്കെതിരെ പരാതിപ്പെട്ടതിനാണ് സാധുപൂര്‍ ഗ്രാമത്തിലെ 10 ദളിതര്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്നവര്‍ക്ക് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ ഗംഗാ ദയാല്‍ ഉള്‍പ്പടെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഒമ്പതുപേര്‍ വിചാരണ കാലയളവിനുള്ളില്‍ മരിച്ചു.
90 വയസ്സുകാരനായ ഗംഗാ ദയാല്‍ ജീവിച്ചിരിക്കുന്ന ഏക പ്രതിയാണ്
ഇത്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായമായ കേസുകളാണെന്നും ഗംഗാ ദയാല്‍ വധശിക്ഷയ്ക്ക് അര്‍ഹനാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് അനുഭാവപൂര്‍വമായ വിധി പുറപ്പെടുവിക്കണമെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്.
കേസിന്റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ഗംഗാ ദയാലിനെ ഫിറോസാബാദ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്യുകയും കോടതി ഉത്തരവിന് ശേഷം ജയിലിലേക്ക് അയക്കുകയും ചെയ്തു.