ഇന്ന് ലോക ജലദിനം;
കുടിവെളളത്തില്‍ വിശ്വാസമില്ലാതെ ജനങ്ങള്‍

ഇന്ന് ലോക ജലദിനം; കുടിവെളളത്തില്‍ വിശ്വാസമില്ലാതെ ജനങ്ങള്‍

ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 97 ശതമാനം വരുന്ന കുടുംബങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
Published on

ഇന്ന് ലോക ജലദിനം, ഒരോ തുള്ളി ജലവും അമൂല്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗത്തില്‍ ഇടപെടല്‍ എന്നാണ് ഇത്തവണ ലോക ജലദിനം മുന്നോട്ടുവയ്ക്കുന്ന സന്ദേശം. എന്നാല്‍, ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 97 ശതമാനം വരുന്ന കുടുംബങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ കുടുംബങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന കുടിവെള്ളം സുരക്ഷിതമാണെന്ന വലിയൊരു വിഭാഗം കരുതുന്നില്ലെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ 305 ജില്ലകളില്‍ നിന്നായി 26,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 97 ശതമാനവും ഇതേ നിലപാട് സ്വീകരിക്കുന്നു. എന്നാല്‍ കുടിവെളളം സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധനവുണ്ടായതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

97 ശതമാനം വീടുകളിലും ജലം വിവിധ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് വീടുകളിലേക്കുളള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്

കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ 35 ശതമാനം ജനങ്ങള്‍ മാത്രമാണ് ലഭ്യമായ കുടിവെളളം നല്ലതാണെന്ന അഭിപ്രായം പറഞ്ഞത്. ഈ വര്‍ഷം അത് 44 ശതമാനമായി ഉയര്‍ന്നു. അതില്‍ 14 ശതമാനം വീട്ടുകാരും ജലത്തിന്റെ ശുദ്ധി പരിതാപകരമാണെന്ന അഭിപ്രായം രേഖപ്പെടുത്തി. 32 ശതമാനം പേര്‍ ജലം സാമാന്യം ഭേദപ്പെട്ട നിലയിലുള്ളതാണെന്നും പ്രതികരിച്ചു. ഈ മാറ്റത്തിന് കാരണം പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും ജലത്തിന്റെ കൃത്യമായ ഗുണനിലവാര പരിശോധനയുമാണെന്ന് പ്രദേശിക തലത്തില്‍ ജലജീവന്‍ മിഷന്റെ കോ-ഫൗണ്ടറും എക്സിക്യൂട്ടീവ് ഓഫീസറുമായ സച്ചിന്‍ തപാറിയ വ്യക്തമാക്കുന്നു.

സര്‍വേയോട് പ്രതികരിച്ച മൂന്നു ശതമാനം മാത്രമാണ് വീട്ടുകളിലേക്ക് പൈപ്പിലൂടെ എത്തുന്ന വെള്ളം മറ്റ് ശുദ്ധീകരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ നേരിട്ട് ഉപയോഗിക്കുന്നത്. എന്നാല്‍ 97 ശതമാനം വീടുകളിലും ജലം വിവിധ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് ഉപയോഗിക്കുന്നത്.

ഫില്‍ട്രേഷന്‍ പ്ലാന്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉയര്‍ന്ന നിലവാരമുള്ളതാണെങ്കിലും പിന്നീട് അത് നഷ്ടപ്പെടുന്നു

സര്‍വേ നടത്തിയ 44 ശതമാനം വീടുകളിലും ജലശുദ്ധീകരണ ഉപകരണങ്ങളിലൂടെ ഫില്‍ട്ടര്‍ ചെയ്താണ് വെളളം ഉപയോഗിക്കുന്നത് (ആര്‍ഒ സിസ്റ്റം). 28 ശതമാനം വീടുകളില്‍ സാധരണ വാട്ടര്‍ പ്യൂരിഫയറുകള്‍ ഉയോഗിക്കുന്നു. 11 ശതമാനം വീടുകളില്‍ തിളപ്പിച്ച വെളളം കുടിക്കാന്‍ ഉപയോഗിക്കുന്നു. അഞ്ച് ശതമാനം ജനങ്ങള്‍ ജല ശുദ്ധീകരണത്തിനായി കളിമണ്‍ മാത്രങ്ങള്‍ ഉപയോഗിക്കുന്നു. മറ്റൊരു അഞ്ച് ശതമാനം കുപ്പിവെളളത്തെയാണ് ആശ്രയിക്കുന്നത്. ഫില്‍ട്രേഷന്‍ പ്ലാന്റുകളില്‍ ഉത്പാദിപ്പിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉയര്‍ന്ന നിലവാരമുള്ളതാണെങ്കിലും പിന്നീട് അത് നഷ്ടപ്പെടുന്നതായും സര്‍വേ ചുണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in