അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ

അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ

വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ, പോലീസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൂന്നം​ഗ സംഘം ഇരുവർക്കും നേരെ വെടിയുതിർത്തത്.
Updated on
1 min read

ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും ഇന്നലെ രാത്രി മൂന്നം​ഗ സംഘം കൊലപ്പെടുത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ ഏർപ്പെടുത്തി. സംസ്ഥാനത്തെ പല ജില്ലകളിലും പോലീസ് പട്രോളിങ് തുടരുകയാണ്. വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും വെടിയേറ്റത്.

അതിഖ് അഹമ്മദിന്റെ കൊലപാതകം: യുപിയിലുടനീളം നിരോധനാജ്ഞ
ആസാദ് അഹമ്മദ്: അഭിഭാഷകനാകാൻ മോഹിച്ചു, ക്രിമിനലായി; ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ, പോലീസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മൂന്നം​ഗ സംഘം ഇരുവർക്കും നേരെ വെടിയുതിർത്തത്. കൊലപാതക ‍ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ക്യാമറകളിൽ പതിഞ്ഞിരുന്നു. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് വെടിവയ്പ് നടത്തിയത്. മൂന്നു പേരും മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് കടന്നുകൂടിയത്. വ്യാജ ഐഡി കാർഡ് ധരിച്ചെത്തിയ ഇവരുടെ മൈക്കുകളിൽ എൻസിആർ ചാനൽ എന്ന് എഴുതിയിരുന്നു. സ്ഥലത്തുനിന്ന് ഡമ്മി ക്യാമറകൾ എഫ്എസ്എൽ സംഘം കണ്ടെടുത്തു.

കൊലപാതകം നടന്ന പ്രയാഗ്‌രാജ് ജില്ല അതീവജാഗ്രതയിലാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്) ഉൾപ്പെടെയുള്ള അധികസേനയെ സമീപ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മൂന്നം​ഗ സംഘം സംഭവസ്ഥലത്തു തന്നെ പോലീസിന് കീഴ‍ടങ്ങിയിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ഒരു മാധ്യമപ്രവർത്തകന് പരുക്കേൽക്കുകയും ഒരു കോൺസ്റ്റബിളിന് വെടിയേൽക്കുകയും ചെയ്തതായി പ്രയാഗ് രാജ് പോലീസ് കമ്മീഷണർ രമിത് ശർമ്മ പറഞ്ഞു.

കൊലപാതകങ്ങളെത്തുടർന്ന് യോഗി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.സംസ്ഥാനത്തിന്റെ ക്രമസമാധാനം പൂർണമായും തകർന്നെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവും അസദുദീൻ ഒവൈസിയും രംഗത്തെത്തി.

സംഭവത്തിന് തൊട്ടുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിക്കുകയും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

2005ലെ ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ സാക്ഷിയായിരുന്ന ഉമേഷ് പാലിന്റെ കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ അതിഖും അഷ്റഫും ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലായിരുന്നു. രാജു പാൽ വധക്കേസിലും അതിഖ് പ്രതിയായിരുന്നു.

രണ്ട് ദിവസം മുൻപാണ് അതിഖിന്റെ മകൻ ആസാദ് അഹമ്മദിനെയും സുഹൃത്തിനെയും ഝാൻസിക്കടുത്ത് വച്ച് പ്രത്യേക ദൗത്യസേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ വധിച്ചുവെന്നാണു പൊലീസിന്റെ വിശദീകരണം. 42 തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അതിഖിനെയും അഷ്റഫിനെയും മൂന്നംഗ സംഘം കൊലപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in