ലോക്സഭ സസ്പെൻഷൻ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഭരണകക്ഷിയുടെ ആസൂത്രിത പദ്ധതി: അധീർ രഞ്ജൻ ചൗധരി

ലോക്സഭ സസ്പെൻഷൻ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഭരണകക്ഷിയുടെ ആസൂത്രിത പദ്ധതി: അധീർ രഞ്ജൻ ചൗധരി

അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബാക്കിനില്‍ക്കെ ബിജെപി പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കിക്കൊണ്ടേയിരിക്കുകയാണെന്നും ആരോപണം
Updated on
1 min read

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഭരണകക്ഷിയുടെ ആസൂത്രിത നീക്കമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. പാര്‍ലമെന്റിലെ ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ പ്രതിഭാസമാണിതെന്നും ഇത്തരം നടപടികള്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ അന്തസത്തയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ആരോപിച്ചു.

സസ്‌പെന്‍ഷന്‍ ചെയ്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധിക്കില്ലേ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തീര്‍ച്ചയായും പോകാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ സുപ്രീംകോടതിയിൽ പോകുമോ ഇല്ലയോ എന്ന കാര്യം അധീർ വ്യക്തമാക്കിയില്ല. അതേസമയം പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.

കൂടാതെ, അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബാക്കിനില്‍ക്കെ ബിജെപി പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കിക്കൊണ്ടേയിരിക്കുകയാണെന്നും പല ബില്ലുകളിലും പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

അവിശ്വാസ പ്രമേയം മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും വിഷയത്തില്‍ പ്രധാനമന്ത്രിയെ സംസാരിപ്പിക്കാനുമുള്ള അവസാന മാര്‍ഗമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മണിപ്പൂരിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഞങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാതിരുന്നപ്പോള്‍, പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അവിശ്വാസ പ്രമേയം എന്ന അവസാനത്തെ മാര്‍ഗം സ്വീകരിക്കേണ്ടി വന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍.

ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി അതുവരെ മണിപ്പൂരിനെ കുറിച്ച് മാത്രം സംസാരിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്ക്.

ഓഗസ്റ്റ് 8 നാണ് മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിച്ചത്. ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷനിലേയ്ക്ക് നയിച്ചത്.

''ഹസ്തിനപുരത്തായാലും മണിപ്പൂരിലായാലും സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ രാജാവ് അന്ധനായിരിക്കരുത്'' -എന്നായിരുന്നു ചൗധരിയുടെ പരാമര്‍ശം. തൊട്ടു പിന്നാലെ ചൗധരി മാപ്പ് പറയണമെന്ന് ബിജെപി എംപി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയാൻ ചൗധരി തയ്യാറായില്ല. പിന്നീട് അന്ന് വൈകിട്ട്‌ അവിശ്വാസ പ്രമേയം വോട്ടിനിട്ടു തള്ളിയ ശേഷം സഭ പിരിയുന്നതിനു തൊട്ടുമുമ്പാണ് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം മന്ത്രി അവതരിപ്പിക്കുകയും അത് ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തത്.

logo
The Fourth
www.thefourthnews.in