പശുക്കടത്ത് ആരോപിച്ച് മധ്യപ്രദേശിൽ ആൾക്കൂട്ട കൊലപാതകം
പശുക്കടത്ത് നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. മൂന്ന് മാസത്തിനിടയിൽ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്. നസീർ അഹമ്മദെന്ന മഹാരാഷ്ട്ര സ്വദേശിയെയാണ് ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ചാണ് അക്രമി സംഘം കൊലനടത്തിയത്. കൊലപാതകത്തിന് കണ്ടാലറിയുന്നവർക്കെതിരെയും , അനധികൃതമായി പശു കടത്തിയെന്നാരോപിച്ച് ഇരയായവർക്കെതിരെയും പോലീസ് കേസെടുത്തു. നർമ്മദാപുരം ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു സംഭവം.
നസീർ അഹമ്മദിനൊപ്പം വണ്ടിയിലുണ്ടായിരുന്ന ഷെയ്ഖ് ലാല, സെയ്ദ് മുഷ്താഖ് എന്നിവരും ആക്രമിക്കപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൂന്നുപേരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് അടിയേറ്റ നസീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് രണ്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
പരിക്കുകളോടെ രക്ഷപ്പെട്ട ഷെയ്ഖ് ലാലയ്ക്കും, സെയ്ദ് മുഷ്താഖിനുമെതിരെ അനധികൃതമായി പശുക്കളെ കടത്തിയതിന് കേസ് എടുത്തു. അവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും എസ്പി അറിയിച്ചു.
50-60 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഷെയ്ഖ് ലാല പറഞ്ഞു. “ഞങ്ങൾ 8-10 കിലോമീറ്റർ എത്തിയപ്പോൾ, ഒരു സംഘം ഞങ്ങളെ തടഞ്ഞു. ട്രക്കിൽ നിന്ന് പുറത്തിറക്കിയ ശേഷം കാരണമൊന്നും പറയാതെ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. വടികളും ദണ്ഡുകളും ഉപയോഗിച്ചാണ് അവർ നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയത്, ”അദ്ദേഹം പറഞ്ഞു. ചന്തയിൽ പശുക്കളെ വിൽക്കാനാണ് അമരാവതിയിലേക്ക് കൊണ്ടുപോയിരുന്നതെന്ന് ട്രക്ക് ഓടിച്ചിരുന്ന ലാല പറഞ്ഞു.
മൂവരെയും ആക്രമിച്ചവർ സമീപ ഗ്രാമത്തിലുളവരാണെന്നും പശുക്കടത്ത് നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും നർമ്മദാപുരം പോലീസ് സൂപ്രണ്ട് ഗുർകരൻ സിംഗ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 147 (കലാപം), 148 എന്നിവ പ്രകാരം അജ്ഞാതരായ 12 പേർക്കെതിരെ കേസടുത്തിട്ടുണ്ട്. പരിക്കുകളോടെ രക്ഷപ്പെട്ട ഷെയ്ഖ് ലാലയ്ക്കും, സെയ്ദ് മുഷ്താഖിനുമെതിരെ അനധികൃതമായി പശുക്കളെ കടത്തിയതിനും കേസ് എടുത്തു. അവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും എസ്പി അറിയിച്ചു.
കന്നുകാലി മേളയ്ക്ക് കൊണ്ടുപോയിരുന്ന 26 പശുക്കളെ സർക്കാർ ഗോരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
2022 മെയ് 2 ന്, മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ ആൾകൂട്ടം ആക്രമിച്ചിരുന്നു. സാഗർ സ്വദേശിയായ സമ്പത്ത് ബട്ടി, ധൻസയിൽ സ്വദേശി സിമരിയ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. അക്രമികൾ ഹിന്ദുത്വ ഗ്രൂപ്പുകളായ ബജ്‌റംഗ്ദൾ, രാംസേന പ്രവർത്തകരായിരുന്നുവെന്ന് പരാതിക്കാരൻ ബ്രജേഷ് ബട്ടി ആരോപിച്ചിരുന്നു.