യുഎസ് നാവിക കപ്പൽ ചെന്നൈ തുറമുഖത്ത്
യുഎസ് നാവിക കപ്പൽ ചെന്നൈ തുറമുഖത്ത്

അറ്റകുറ്റപ്പണിക്കായി യുഎസ് നാവിക കപ്പല്‍ ഇന്ത്യയില്‍; ചരിത്രത്തിലാദ്യം

ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഇൻ ഡിഫെൻസ്' സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുമെന്ന് പ്രതിരോധ മന്ത്രാലയം
Updated on
2 min read

അറ്റകുറ്റപ്പണികള്‍ക്കായി യുഎസ് നാവിക കപ്പല്‍ ആദ്യമായി ഇന്ത്യയില്‍. ചാൾസ് ഡ്രൂ എന്ന നാവിക കപ്പലാണ് ഞായറാഴ്ച ചെന്നൈ കാട്ടുപള്ളിയിലുള്ള ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) ഷിപ്പ് യാര്‍ഡില്‍ എത്തിയത്. ഓഗസ്റ്റ് 7 മുതൽ 17 വരെ കപ്പൽ തുറമുഖത്തുണ്ടാകും. അതിവേഗം വളരുന്ന ഇന്ത്യ-യുഎസ് തന്ത്രപര പങ്കാളിത്തത്തിന് പുതിയ ഉദാഹരണമായാണ് യുഎസ് കപ്പലിന്റെ വരവിനെ വിലയിരുത്തുന്നത്. അതേസമയം, ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കാനിരിക്കെയാണ് ഇന്ത്യന്‍ തീരത്ത് യുഎസ് നാവിക കപ്പല്‍ അടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയം.

യുഎസ് നാവിക കപ്പൽ ചെന്നൈ തുറമുഖത്ത്
ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക്: നീക്കം നിരീക്ഷിച്ച് ഇന്ത്യ

'ആദ്യമായാണ് യുഎസ് നാവിക കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയില്‍ എത്തുന്നത്. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി കാട്ടുപള്ളിയിലെ എല്‍ ആന്‍ഡ് ടിക്ക് യുഎസ് നേവി കരാര്‍ നല്‍കിയിട്ടുണ്ട്. ആഗോള കപ്പല്‍ അറ്റകുറ്റപ്പണി വിപണിയില്‍ ഇന്ത്യന്‍ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളുടെ മികവിനുള്ള അംഗീകാരമായാണ് യുഎസ് നാവിക കപ്പലിന്റെ വരവിനെ കാണുന്നതെന്നും' പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതിരോധ മേഖലയിലെ ഇത്തരം മുന്നേറ്റങ്ങൾ, ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഇൻ ഡിഫെൻസ്' സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകും. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങൾക്ക് കൂടുതൽ ശക്തി പകരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷം ഏപ്രിലിൽ, ഇന്ത്യ- യുഎസ് നയതന്ത്രത്തിന്റെ ഭാ​ഗമായി, പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. യുഎസ് നാവിക കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പരിപാലനത്തിനുമായി ഇന്ത്യൻ കപ്പൽശാലകൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാ​ഗമായി, യു.എസ് നാവികസേനയുടെ മറൈൻ സീലിഫ്റ്റ് കമാൻഡ് ഇന്ത്യയിലെ തിരഞ്ഞെടുത്ത കപ്പൽശാലകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്നാണ്, മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന എൽ ആൻഡ് ടിക്ക് അറ്റകുറ്റപ്പണി നടത്താനുള്ള അനുമതി നൽകിയതെന്ന് എൽ ആൻഡ് ടിയുടെ ഡിഫൻസ് ആൻഡ് സ്മാർട്ട് ടെക്നോളജീസ് സിഇഒ ജെ.ഡി പാട്ടീലിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളുടെ മികവിനുള്ള അംഗീകാരമായാണ് യുഎസ് നാവിക കപ്പലിന്റെ വരവിനെ കാണുന്നതെന്ന് പ്രതിരോധ മന്ത്രാലയം

ആഗോള കപ്പൽ വിപണിയില്‍ ഇന്ത്യൻ കപ്പല്‍ശാലകളുടെ ശേഷിയും, പ്രതിരോധ മേഖലയിലെ രാജ്യത്തിന്റെ മുന്നേറ്റവുമാണ് ഈ നേട്ടം ചൂണ്ടിക്കാട്ടുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ പറഞ്ഞു. ഏകദേശം 2 ബില്യൺ ഡോളർ വിറ്റുവരവുള്ള ആറ് പ്രധാന കപ്പൽശാലകൾ ഇന്ത്യയിലുണ്ട്. അത്യാധുനിക കപ്പലുകൾ നിർമിക്കാൻ സ്വന്തമായുള്ള ഡിസൈൻ ഹൗസും വലിയ നേട്ടമാണ്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, രാജ്യത്ത് ആദ്യത്തെ മറൈൻ ഡീസൽ എഞ്ചിൻ വികസിപ്പിക്കും. പദ്ധതിയുടെ ചെലവിൽ, 70% സർക്കാർ വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ വിക്രാന്ത്, ഇന്ത്യൻ കപ്പൽ നിർമാണ വ്യവസായത്തിന്റെ വളർച്ചയുടെ ഉദാഹരണമാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, രാജ്യത്ത് ആദ്യത്തെ മറൈൻ ഡീസൽ എഞ്ചിൻ വികസിപ്പിക്കും. ആറ് മെഗാ വാട്ട്സും അതിൽ കൂടുതലുമുള്ള ഇന്ത്യയിലെ നാവിക കപ്പൽശാലകളുടെയും മറൈൻ ഡീസൽ എഞ്ചിനുകളുടെയും ശേഷി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ചെലവിൽ, 70 ശതമാനം സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് നാവിക കപ്പൽ ചെന്നൈ തുറമുഖത്ത്
തായ്‌വാന്‍ സന്ദര്‍ശിക്കാനൊരുങ്ങി യു എസ് സ്പീക്കർ നാൻസി പെലോസി; പ്രത്യാഘാതം വലുതായിരിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

അതേസമയം, ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് അടുക്കാനിരിക്കെയാണ് ഇന്ത്യന്‍ തീരത്ത് യുഎസ് നാവിക കപ്പല്‍ അടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയം. ചൈനീസ് കപ്പല്‍ ഓഗസ്റ്റ് 11 നാണ് ഹംബൻടോട്ടയില്‍ എത്തുക. ഓഗസ്റ്റ് 17 വരെ കപ്പല്‍ അവിടെ തങ്ങും. ഹംബൻടോട്ടയിൽ യുവാൻ വാങ് 5 നങ്കൂരമിടുന്നതിനെ സശ്രദ്ധം വീക്ഷിക്കുകയാണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in