ഡൽഹിയിൽ യുവതിയുടെ മരണം; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഡൽഹിയിൽ യുവതിയുടെ മരണം; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

അപകടസമയത്ത് സ്കൂട്ടറിൽ യുവതിയ്ക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി പോലീസ്. അപകടത്തിന് ശേഷം സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
Updated on
1 min read

ഡൽഹിയിലെ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ, യുവതിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരത്തെ യുവതിയുടെ മരണത്തിൽ സംശയം ഉന്നയിച്ച് കുടുംബം മുന്നോട്ട് വന്നിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥർ ഇത് തളളിക്കളഞ്ഞിരുന്നു.

അതിനിടെ അപകടസമയത്ത് സ്കൂട്ടറിൽ യുവതിയ്ക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇതുസംബന്ധിച്ച നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അപകടത്തിന് ശേഷം സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് യുവതി പറഞ്ഞതായി പോലീസ് പറഞ്ഞു. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ യുവതിയുടെ കാൽ കാറിന്റെ ആക്‌സിലിൽ കുടുങ്ങിതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാൻ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്താണ് സംഭവിച്ചതെന്ന് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പോലീസ് റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ. പുതുവത്സര പാർട്ടിയിൽ പങ്കെടുത്ത ശേഷം പുലർച്ചെ 1.45 ന് രണ്ട് സുഹൃത്തുക്കളും ഒരു ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതായി പോലീസ് കണ്ടെത്തി. അപകടസ്ഥലത്ത് നിന്ന് അധികം അകലെയല്ലാതെ രണ്ട് യുവതികളും ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. രണ്ടുപേരും ഇരുചക്രവാഹനത്തിൽ കയറി പോകുന്നതാണ് ദൃശ്യങ്ങൾ.

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് അപകടം നടന്നത്. മദ്യലഹരിയിൽ യുവാക്കളുടെ കാർ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിടുകയായിരുന്നു. കാറിൽ കാൽ കുരുങ്ങിയ യുവതിയെ 12 കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ കാറുടമ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.

അപകടസമയത്ത് തങ്ങൾ മദ്യപിച്ചിരുന്നതായി പ്രതികൾ ഇന്നലെ പോലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ യുവതിയെ കാറിൽ വലിച്ചിഴച്ചത് അറിയാതെയാണ് യാത്ര തുടർന്നതെന്നും പ്രതികൾ പറഞ്ഞു. കാറിനുളളിൽ ഉച്ചത്തിൽ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. കൂടാതെ കാറിന്റെ ​ഗ്ലാസുകൾ അടച്ചിട്ടിരുന്നുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. ദീപക് ഖന്നയാണ് കാർ ഓടിച്ചിരുന്നത്. കാർ യൂടേൺ എടുക്കുമ്പോഴാണ് കാറിനടിയിൽ യുവതിയുടെ കൈകൾ പ്രതികളിലൊരൊളായ മിഥുൻ കണ്ടെതെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറയുന്നു. കാർ നിർത്തിയപ്പോൾ മൃതദേഹം തെറിച്ചുവീണു. തുടർന്ന് തങ്ങൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.

അതേസമയം മൃതദേഹം വലിച്ചിഴയ്ക്കുന്നത് കണ്ട് നിലവിളിച്ചെങ്കിലും കാർ നിർത്തിയില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷി പറഞ്ഞു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ഇരുചക്രവാഹനത്തിൽ കാറിനെ പിന്തുടരുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, അശ്രദ്ധമൂലമുള്ള മരണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in