'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ, എന്റെ സുഹൃത്ത്'; യെച്ചൂരിയെ ഓർത്ത് രാഹുല്‍
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ വൈകാരികമായ അനുശോചനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നു പറഞ്ഞ രാഹുൽ, നമ്മള്‍ നടത്തിയിരുന്ന നീണ്ട ചർച്ചകള്‍ താൻ മിസ് ചെയ്യുമെന്നും സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
''സീതാറാം യെച്ചൂരി എന്റെ സുഹൃത്തായിരുന്നു.നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്ന ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു അദ്ദേഹം. നമ്മള്‍ നടത്തിയിരുന്ന നീണ്ട ചർച്ചകള്‍ ഞാൻ മിസ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു," രാഹുല്‍ ഗാന്ധി
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
അതീവ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണവാര്‍ത്ത കേള്‍ക്കുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്‍ഗനിര്‍ദ്ദേശകമാവിധം സീതാറാം പ്രവര്‍ത്തിച്ചു. രാഷ്ട്രീയ എതിരാളികള്‍ പോലും ആദരവോടെ കണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പിണറായി വിജയൻ പറഞ്ഞു.
യെച്ചൂരിയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ജനാധിപത്യം ഉയർത്തിപ്പിടുക്കുന്നതിനായി അദ്ദേഹം നിരന്തരം പോരാടി. അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താനാകാത്തതാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സൈദ്ധാന്തിക കടുംപിടുത്തങ്ങൾക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകിയ നേതാവ്. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിർത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചിരുന്നതായും സതീശൻ അനുശോചനക്കുറിപ്പില്‍ കൂട്ടിച്ചേർത്തു.
അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു യെച്ചൂരി. എന്നാൽ അതിൻ്റെ കാർക്കശ്യങ്ങളിൽ പെട്ടു പോകാത്ത വിശാലമായ ജനാധിപത്യ മതേതര ബോധത്തിൻ്റെ വക്താവായി തുടർന്ന് ദേശീയ രാഷ്ട്രീയത്തിൻ്റെ ചുക്കാൻ പിടിച്ച ഒരാളായിരുന്നു യെച്ചൂരിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളുണ്ടാക്കി. രാഷ്ട്രീയവും വ്യക്തിബന്ധവും വെവ്വേറെ കണ്ടിരുന്നതായും ചെന്നിത്തല അനുശോചനക്കുറിപ്പില്‍ പറയുന്നു.