അറസ്റ്റിലായ ദമ്പതികള്‍
അറസ്റ്റിലായ ദമ്പതികള്‍

ലക്ഷദ്വീപില്‍ അപൂർവ കോടതി വിധി; ദമ്പതികൾക്ക് രണ്ട് പോക്സോ കേസിൽ ഇരട്ട ജീവപര്യന്തം

മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാന്‍ എന്നിവർക്കെതിരെ പെൺകുട്ടിയുടെ മാതാവ് 2016ല്‍ നല്‍കിയ പരാതിയിലാണ് വിധി
Updated on
2 min read

രണ്ട് പോക്‌സോ കേസുകളില്‍ ദമ്പതികള്‍ക്ക് ഇരട്ട ജീവപര്യന്തത്തിന് ഉത്തരവിട്ട് ലക്ഷദ്വീപില്‍ അപൂര്‍വ കോടതി വിധി. പത്തുവയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ അയല്‍ക്കാരായ ദമ്പതികളെയാണ് ശിക്ഷിച്ചത്. ഒൻപത് ലക്ഷം രൂപ പിഴയും വിധിച്ചു. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാന്‍ എന്നിവർക്കെതിരെ ഒരു പെൺകുട്ടിയുടെ മാതാവ് 2016ല്‍ നല്‍കിയ പരാതിയിലാണ് വിധി.

പെൺകുട്ടികളെ തട്ടിക്കൊണ്ടുപ്പോയി തടവില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്

ഫോണിൽ ഫോർവേഡ് ചെയ്ത് ലഭിച്ച വീഡിയോ കണ്ട് ഒന്‍പതുകാരിയായ പെൺകുട്ടിയുടെ മാതാവാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തൻ്റെ മകളുടെ വീഡിയോ ആണ് പ്രചരിക്കുന്നതെന്നും മകള്‍ പീഡനത്തിനിരയായി എന്നുമായിരുന്നു 2016 ൽ മിനിക്കോയി പോലീസിൽ ലഭിക്കുന്ന പരാതി. പിന്നീട് കുട്ടിയോട് ചോദിച്ചപ്പോഴാണ് നാലാം ക്ലാസുകാരിയായ പെണ്‍കുട്ടി അടുത്ത വീട്ടിലെ താമസക്കാരനായ വിദേശ കപ്പലിലെ ക്രൂവായ മൂസ കുന്നുഗോത്തിയും അയാളുടെ ഭാര്യ നൂർജഹാനും കൂടി തന്നെ ഉപദ്രവിച്ച കാര്യങ്ങൾ പോലീസിനോട് പറഞ്ഞത്.

ടി വി കാണാനും മറ്റുമായി അയല്പക്കത്തെ വീട്ടിലെത്തിയപ്പോൾ മുറിയില്‍ കയറ്റി വാതിലടച്ച ശേഷം മൂസ തൻ്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും സെക്സ് ടോയികൾ ഉപയോഗിച്ച് തന്നെ പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ മൊഴി. ഇതിന് ഒത്താശ ചെയ്ത് ഭാര്യ നൂർജഹാൻ പീഡന ദ്യശ്യങ്ങള്‍ മൊബൈലിൽ പകർത്തി. തുടർന്നാണ് 10 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും ദൃശ്യങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തതതിനാണ് കേസെടുത്തത്. അന്ന് മിനിക്കോയ് ദ്വീപ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അമീർ ബിൻ മുഹമ്മദാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുമ്പോഴാണ് 10 വയസിൽ താഴെ പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി തടവിൽവെച്ച് സെക്സ് ടോയ്സ് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച് മൊഴി നല്കുന്നത്. ഇതോടെ രണ്ട് പോക്സോ കേസുകളിലായി ഡിവൈഎസ്പി ബി മുഹമ്മദ് അന്വേഷണം ഏറ്റെടുക്കുകയും അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. സബ് ഇൻസ്പെക്ടർ അമീർ ബിൻ മുഹമ്മദ് പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സെക്സ് ടോയ്സായിരുന്നു ഈ കേസിൽ നിർണായക തെളിവായത്. പെൺകുട്ടികൾ ഇത് തിരിച്ചറിയുകയും ചെയ്തു.

ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നത്

കവരത്തി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ അനിൽ കുമാർ രണ്ട് കേസുകളിലും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പ്രതികൾക്ക് നൽകിയത്. കൂടാതെ ഒൻപത് ലക്ഷം രൂപ പിഴ തുക പ്രതികൾ പെൺകുട്ടികൾക്ക് കൊടുക്കാനാണ് ഉത്തരവ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിബിൻ ജോസഫ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നത്.

ആദ്യ കേസിൽ പ്രതികൾക്കെതിരെ കോടതി ചുമത്തിയ 17 കുറ്റങ്ങളിൽ 15 എണ്ണവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. രണ്ടാമത്തെ കേസിൽ കോടതി ചുമത്തിയ 14 വകുപ്പുകളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഇത്ര ക്രൂരമായ കുറ്റകൃത്യം നടത്തിയ പ്രതികൾ സമൂഹത്തിന് വിപത്താണെന്നും അവർക്ക് പരമാവധി ശിക്ഷ നൽകണമെന്നു മായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

ഒരു സ്ത്രീയിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയെന്നാണ് കോടതി നിരീക്ഷണം

ഇരട്ട ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി ആദ്യ കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും 2,20,000 രൂപ പിഴയും രണ്ടാം പ്രതിക്ക് 20 വർഷം കഠിന തടവും 2,30,000 രൂപ പിഴയും രണ്ടാമത്തെ കേസിൽ വിവിധ വകുപ്പുകളിലയി ആദ്യ കേസിൽ ഒന്നാം പ്രതിക്ക് 10 വർഷം കഠിന തടവും 2,15,000 പിഴയും രണ്ടാം പ്രതിക്ക് 15 വർഷം കഠിന തടവും 2,25,000 രൂപ പിഴയും കോടതി വിധിച്ചു.

പിഴത്തുക കേസിലെ ഇരകളായ കുട്ടികൾക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. ഇവർ കുട്ടികളെ ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തി പോൺ സൈറ്റുകൾക്ക് നൽകിയിരുന്നോ എന്ന് സംശയമുണ്ടായെങ്കിലും അത് തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഭർത്താവ് പിഞ്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കുമ്പോൾ പാട്ടുപാടിക്കൊണ്ടാണ് നാല്‍പതുകാരിയായ ഭാര്യ വീഡിയോ എടുത്തത്. ഒരു സ്ത്രീയിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയെന്നാണ് കോടതി ഇതിനെ നിരീക്ഷിച്ചത്

logo
The Fourth
www.thefourthnews.in