മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനെ വെള്ളം കുടിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ പ്രതിമ
Updated on
2 min read

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നില്‍ ഒരു പ്രതിമയ്ക്കും പങ്കുണ്ട്. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനെ വെള്ളം കുടിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ പ്രതിമ. വീര്‍ഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യ സിങാണ് ഇപ്പോഴത്തെ രാഷ്ട്രീയ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന്. രാജിവെച്ചതിനുശേഷം, വിക്രമാദിത്യ സിങ് പ്രതിമ വിഷയം വൈകാരികമായി ഉയര്‍ത്തിക്കാട്ടി. ''പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കി കൊടുത്ത വ്യക്തിയുടെ പ്രതിമ സ്ഥാപിക്കാന്‍ മാല്‍ റോഡില്‍ ഒരുതുണ്ട് ഭൂമി കണ്ടത്താന്‍ അവര്‍ക്കായില്ല'', എന്നായിരുന്നു വിക്രമാദിത്യ സിങിന്റെ വൈകാരിക പ്രസ്താവന.

''ഞങ്ങള്‍ വികാരാധീനരായ ആളുകളാണ്. പദവികള്‍ ഞങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ, ഒരു പരസ്പര ബഹുമാന ബോധം ഉണ്ടാകേണ്ടതുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ അത് ചെയ്തില്ല. എനിക്ക് മുറിവേറ്റു, അത് രാഷ്ട്രീയപരമല്ല, വൈകാരികമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചിട്ടും ഒന്നും നടന്നില്ല'', അദ്ദേഹം പറഞ്ഞു.

വീര്‍ഭദ്ര സിങും സുഖ്‌വീന്ദര്‍ സിങും തമ്മില്‍ നിലനിന്നിരുന്ന അധികാര വടംവലി ഹിമാചല്‍ രാഷ്ട്രീയത്തില്‍ പലതവണ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2021-ല്‍ വീര്‍ഭദ്ര സിങ് അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ പത്‌നി പ്രതിഭ സിങും മകന്‍ വിക്രമാദിത്യ സിങും ആ ഉത്തരവാദിത്തം ഏറ്റെടുത്ത് സുഖുവിന് എതിരെ നിരന്തരം 'പോരാട്ടം' നടത്തിവരികയാണ്.

പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്

ഷിംലയിലെ പ്രസിദ്ധമായ റിഡ്ജ് റോഡില്‍ വീര്‍ഭദ്ര സിങിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കണം എന്നായിരുന്നു വിക്രമാദിത്യ സിങിന്റെ ആവശ്യം. എന്നാല്‍, സുഖു സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. വീര്‍ഭദ്ര സിങിന്റെ ജന്‍മദിനമായ ജൂണ്‍ 23-ന് റിഡ്ജ് റോഡില്‍ പ്രതിമ സ്ഥാപിക്കാം എന്ന് ആദ്യം വാക്കുനല്‍കിയ സുഖു, പിന്നീട് ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോയി. മഹാത്മാ ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, എബി വാജ്‌പേയ്, മുന്‍ മുഖ്യമന്ത്രി യശ്വന്ത് സിങ് പര്‍മാര്‍ എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലമാണ് റിഡ്ജ് റോഡ്.

മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്
ഹിമാചലിൽ അടിയും തിരിച്ചടിയും; കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു, 15 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ഇവിടെ തന്റെ പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന വിക്രമാദിത്യ സിങിന്റെ ആവശ്യത്തെ ബിജെപിയും പിന്തുണച്ചിരുന്നു. ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇവിടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പടലപ്പിണക്കത്തിന്റെ ഭൂതകാലം മറക്കാതിരുന്ന സുഖു, ഈ ആവശ്യത്തോട് മുഖംതിരിച്ചു നിന്നു. നിര്‍മാണത്തിന് എന്‍ഒസി നല്‍കാന്‍ സുഖു തയ്യാറായില്ല. തുടര്‍ന്ന്, പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് ഷിംലയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ സയിഞ്ചില്‍ വീര്‍ഭദ്ര സിങിന്റെ പ്രതിമയുയര്‍ന്നു. പ്രതിമ അനാച്ഛാദന ചടങ്ങില്‍ സുഖു പങ്കെടുത്തില്ല.

വീര്‍ഭദ്ര സിങ്
വീര്‍ഭദ്ര സിങ്

മുന്‍ രാജകുടുംബാഗങ്ങളായ വീര്‍ഭദ്ര സിങിന്റെ കുടുംബത്തിന് ഹിമാചല്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ട്. ആറ് തവണ മുഖ്യമന്ത്രി പദത്തിലിരുന്ന വീര്‍ഭദ്ര സിങിന്റെ പാരമ്പര്യം പ്രചാരണ ആയുധമാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ അധികാരത്തിലെത്തിയത്. വീര്‍ഭദ്ര സിങിന്റെ പത്‌നി പ്രതിഭ സിങിനെ പിസിസി അധ്യക്ഷയാക്കുകയും ചെയ്തു. പക്ഷേ ഫലം വന്നതിനുശേഷം, പ്രതിഭയെ ഒഴിവാക്കി ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി.

രാജാ സാഹിബ് എന്നാണ് വീര്‍ഭദ്ര സിങിന്റെ വിളിപ്പേരുതന്നെ. 1983-ലാണ് സിങ് ആദ്യമായി ഹിമാചല്‍ മുഖ്യമന്ത്രിയാകുന്നത്. 2017-ല്‍ ബിജെപിയുടെ തേരോട്ടത്തില്‍ അടിപതറിയതോടെയാണ്, വീര്‍ഭദ്രസിങിന് മുകളിലേക്ക് സുഖു വളരുന്നത്. വീര്‍ഭദ്ര സിങിന്റെ പ്രധാന 'എതിരാളിയായിരുന്നു' സുഖു. ഇരു നേതാക്കളും നിരന്തരം കലഹിച്ചുകൊണ്ടേയിരുന്നു. സുഖു പിസിസി അധ്യക്ഷനായ സമയത്ത്, അദ്ദേഹം പങ്കെടുക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതെ മാറിനിന്നിട്ടുണ്ട് വീര്‍ഭദ്രസിങ്. സുഖുവിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാണ് എന്നുവരെ കടുത്ത പ്രയോഗവും സിങ് നടത്തിയിട്ടുണ്ട്. തന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവ് വൈകിപ്പിച്ചത് സിങ് ആണെന്ന് സുഖുവും വിശ്വസിക്കുന്നു.

മരിച്ചിട്ടും തീരാത്ത പിണക്കം; പ്രതിമയുടെ രൂപത്തില്‍ സുഖുവിനെ വിരട്ടുന്ന വീര്‍ഭദ്ര സിങ്
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശാന്തന്‍ അന്തരിച്ചു; മരണം ജയില്‍ മോചിതനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

സുഖ്‌വീന്ദര്‍ സിങ് സുഖു താഴേത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന നേതാവാണ്. സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനവുമുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐയില്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച സുഖു, 2019-ലാണ് പിസിസി പ്രസിഡന്റ് ആകുന്നത്. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് വീര്‍ഭദ്ര സിങിന് പാര്‍ട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നൊരു പതിവുണ്ടെന്ന് സുഖു 2019-ല്‍ തുറന്നടിച്ചു. ഹിമാചലിലെ പാര്‍ട്ടി താനാണെന്ന് സിങ് കരുതുന്നുണ്ടെന്നും കാലം മാറിയത് അദ്ദേഹം അറിഞ്ഞില്ലെന്നും സുഖു പരിഹസിച്ചിരുന്നു.

സുഖ്‌വീന്ദര്‍ സിങ് സുഖു
സുഖ്‌വീന്ദര്‍ സിങ് സുഖു

മുഖ്യമന്ത്രി സ്ഥാനം സുഖുവിന് വെച്ചുനീട്ടിയപ്പോള്‍ പ്രതിഭയെ ഹൈക്കമാന്‍ഡ് പിസിസി അധ്യക്ഷ സ്ഥാനത്തുതന്നെ നിലനിര്‍ത്തി. മകന്‍ വിക്രമാദിത്യ സിങിന് മന്ത്രിസ്ഥാനവും നല്‍കി. ഇതോടെ, വെടിനിര്‍ത്തലുണ്ടാകും എന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍, സുഖുവിനെ വീഴ്ത്താന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു പ്രതിഭയും വിക്രമാദിത്യനും. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, സുഖുവിന് പ്രതിഭ ഷോക്ക് കൊടുത്തു. ഒരു പ്രതിമയുണ്ടാക്കാന്‍ സ്ഥലം നല്‍കാതിരുന്നതിന് മുഖ്യമന്ത്രി സ്ഥാനംതന്നെ വിലയായി നല്‍കേണ്ടിവരുമോ എന്ന ആശങ്കയിലാണ് സുഖ്‌വീന്ദര്‍ സിങ് സുഖു.

logo
The Fourth
www.thefourthnews.in