വീണ്ടെടുത്തത് ഇന്ത്യയിലെ 142 തടാകങ്ങൾ; ജലക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ എൻജീനിയർ
ഇന്ത്യയിലെ ഉൾപ്രദേശങ്ങളിലും അതിർത്തിജില്ലകളിലും ജലമില്ലാതെ ദുരിതമനുഭവിക്കുന്നവരുടെ ജീവിതങ്ങൾ വാർത്തകളിൽ ഇടം നേടുന്നത് പതിവാണ്. ഈ പ്രശ്നത്തിനൊരു പരിഹാരമായിരുന്നു തമിഴ്നാട്ടുകാരനായ നിമൽ രാഘവന്റെ പ്രധാന ലക്ഷ്യം. 142 തടാകങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുപ്പത്തി അഞ്ചുകാരനായ നിമൽ ഏറ്റെടുത്തു. തമിഴ്നാട്ടിലെ തടാകങ്ങളെ പുനരുജ്ജീവിപ്പിക്കുകയെന്നത് ദൗത്യമാക്കി മാറ്റിയ എഞ്ചിനീയർ കൂടിയായ നിമൽ ഇനി കെനിയയിലെ ജലക്ഷാമം പരിഹരിക്കാനാണ്.
എട്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കെനികരൈ തടാകം തലമുറകളായി ഗ്രാമവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു
15 വർഷമായി വറ്റിവരണ്ട് കിടക്കുന്ന തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കെനിക്കരൈ തടാകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് നിമൽ ഇപ്പോൾ നേതൃത്വം നൽകുന്നത്. എട്ട് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം തലമുറകളായി ഗ്രാമവാസികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നാല് അയൽ ഗ്രാമങ്ങളും ഒരിക്കൽ ഉപജീവനത്തിനായി ഈ തടാകത്തെ ആശ്രയിച്ചിരുന്നതായി നിമൽ ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. തടാകം വറ്റിവരണ്ട ശേഷം പ്രദേശത്തെ കിണറുകളിലും ജലമില്ലാതായി. കുഴൽക്കിണറുകളിൽനിന്ന് കിട്ടുന്ന വെള്ളത്തിന്റെ കാഠിന്യവും ലവണത്വവും അതിനെ ഉപയോഗശൂന്യമാക്കി.
കെനിക്കരൈ തടാകത്തിന്റെ മാത്രമല്ല, ഒരു നാട്ടിലെ ജനതയുടെ മുഴുവൻ ആവേശവും സ്വപ്നവുമാണ് ഈ പദ്ധതി. കെനിക്കരൈ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് നാടാകെ മൈക്കുസെറ്റുകളും സ്‌പീക്കറുകളും നിരത്തി. ആവേശത്തോടെയാണ് നാട്ടുകാർ ഉദ്‌ഘാടനം നടത്തിയത്. ഏകദേശം 12 മുതൽ 15 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ പദ്ധതിക്ക് നാട്ടുകാരുടെ സഹകരണത്തില്‍ പിരിച്ചെടുത്ത പണമാണ്. നിമലിന്റെ പട്ടികയിലെ 145-ാമത്തെ പദ്ധതിയാണിത് (മറ്റ് രണ്ട് പദ്ധതികൾ ഇപ്പോൾ നടക്കുന്നു) ഈ വർഷം ഏപ്രിൽ രണ്ടാം വാരത്തോടെ തടാകം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
എന്നാൽ നിമലിനും സംഘത്തിനും ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാണ്. ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി അവർ ഇപ്പോൾ ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ മിലാപ്പിൽ കാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.
തടാക പുനരുദ്ധാരണത്തിലേക്കുള്ള നിമലിന്റെ വഴി
ദുബായിലായിരുന്ന നിമൽ 2018ലാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ തന്റെ ഗ്രാമമായ നദിയത്തിൽ തിരിച്ചെത്തുന്നത്. തന്റെ സ്വപ്നഭവനം ഗ്രാമത്തിൽ നിർമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, അതേ വർഷം നവംബറിൽ തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും നാശം വിതയ്ക്കുകയും ഒപ്പം നിമലിന്റെ ജീവിതം മാറ്റിമറിക്കുകയും ചെയ്തു.
"മൂന്ന് മാസത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം, ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ജലക്ഷാമമാണെന്ന് ഞാൻ മനസ്സിലാക്കി," നിമൽ പറയുന്നു. തടാകങ്ങൾ പുനഃസ്ഥാപിക്കുക എന്നത് സുസ്ഥിരമായ ഒരു ഉത്തരമായിരുന്നു. നൻബൻ ഫൗണ്ടേഷൻ, ക്രൗഡ് ഫണ്ടിങ് തുടങ്ങിയ എൻജിഒകളുടെ സഹായത്തോടെ അദ്ദേഹം ആ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചു. കൂടുതൽ സ്ഥലങ്ങളിലും 90 ശതമാനം തടാകങ്ങളും കയ്യേറിയതോ മോശമായി പരിപാലിക്കപ്പെടുന്നതോ ആണ്. ഇവയാണ് നിമൽ പ്രധാനമായും ലക്ഷ്യം വച്ചത്. പുനഃസ്ഥാപിച്ച തടാകം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രദേശവാസികൾക്ക് മതിയായ ബോധവൽക്കരണം നൽകി.
565 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പെരിയാകുളം തടാകത്തിന്റെ പുനരുദ്ധാരണമായിരുന്നു നിമലിന്റെ ആദ്യ പദ്ധതി. 27 ലക്ഷം രൂപ ചിലവഴിച്ച പദ്ധതി ഫലം കണ്ടതോടെ നിമൽ കൂടുതൽ പദ്ധതികൾ തയാറാക്കാനും ഏറ്റെടുക്കാനും ആരംഭിച്ചു
കെനിക്കരൈ പോലുള്ള പ്രദേശങ്ങളിൽ ഭൂഗർഭ ജലത്തിലെ ലവണത കുറയ്ക്കുന്നതിന് കൂടിയുള്ളൊരു മാർഗമാണ് തടാക പുനരുദ്ധാരണം. 565 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പെരിയാകുളം തടാകത്തിന്റെ പുനരുദ്ധാരണമായിരുന്നു നിമലിന്റെ ആദ്യ പദ്ധതി. 27 ലക്ഷം രൂപ ചെലവഴിച്ച പദ്ധതി ഫലം കണ്ടതോടെ നിമൽ കൂടുതൽ പദ്ധതികൾ തയാറാക്കാനും ഏറ്റെടുക്കാനും ആരംഭിച്ചു. ജമ്മു കശ്‍മീരിലും ഹരിയാനയിലും വിശാഖപട്ടണത്തിലും ഉൾപ്പെടെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതികൾ നടക്കുന്നുണ്ട്. അവയിൽ ചിലത് ചില കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമുകളിലൂടെയും മറ്റുള്ളവ വിവിധ ജില്ലകളിലെ കളക്ടർമാരുടെ നിർദേശ പ്രകാരമോ ആരംഭിച്ചവയാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഭീമമായ ഇത്തരം പദ്ധതികൾക്ക് വലിയ വെല്ലുവിളിയാണ്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതും പൂർത്തിയാക്കുന്നതും. എന്നാൽ ഇത് വാടകയ്‌ക്കെടുക്കുകയാണ് വലിയ വെല്ലുവിളി. ഒരു മണ്ണുമാന്തിയുടെ വില ഉപയോഗിച്ച് നാല് തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് നിമൽ പറയുന്നത്. എന്നിരുന്നാലും ക്രൗഡ് ഫണ്ടിങ്ങിലൂടെയും മറ്റും അതിനുള്ള തുക അദ്ദേഹം കണ്ടെത്തും.
കെനിയയിലാണ് നിമലിന്റെ ഇനി വരാനിരിക്കുന്ന പദ്ധതി. ഗ്രീൻ ആഫ്രിക്ക ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ചാണ് പദ്ധതി ഏറ്റെടുത്തത്. കെനിയ മുതൽ സൊമാലിയ വരെ ആഫ്രിക്കയിലെ കഴിയുന്നത്ര തടാകങ്ങൾ പുനഃസ്ഥാപിക്കുമെന്നും നിമൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.