മോര്‍ബി ദുരന്തം; ഒരു വർഷത്തിനിപ്പുറവും നീതി ലഭിക്കാതെ കുടുംബാംഗങ്ങൾ

മോര്‍ബി ദുരന്തം; ഒരു വർഷത്തിനിപ്പുറവും നീതി ലഭിക്കാതെ കുടുംബാംഗങ്ങൾ

കഴിഞ്ഞ വർഷം ഒക്ടോബർ മാസം 30നായിരുന്നു 141 പേരുടെ മരണത്തിനിടയാക്കിയ സംഭവം, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു
Updated on
2 min read

ഒരു വർഷത്തിനിപ്പുറവും ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്ക് കുറുകെയുള്ള പാലം തകർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ നീതി തേടി അലയുകയാണ്. അപകടത്തിൽ മരിച്ചവർക്കായി നീതി തേടിയും ദുരന്തത്തിന് ഉത്തരവാദികളായവർക്ക് അർഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കാനുമായി കഴിഞ്ഞ ദിവസം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ സബർമതി ആശ്രമത്തിൽ ഒത്തുകൂടിയിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത 10 പ്രതികൾക്ക് പുറമെ, മോർബി അപകടത്തിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മുഴുവൻ പേർക്കും അവരർഹിക്കുന്ന ശിക്ഷയ്ക്ക് വിധേയരാക്കണമെന്നായിരുന്നു തിങ്കളാഴ്ച ഒത്തുകൂടിയ കുടുംബാംഗങ്ങളുടെ ആവശ്യം.

മോര്‍ബി ദുരന്തം; ഒരു വർഷത്തിനിപ്പുറവും നീതി ലഭിക്കാതെ കുടുംബാംഗങ്ങൾ
മോർബി പാലം ദുരന്തം; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് കോടതി

'ട്രാജഡി വിക്ടിം അസോസിയേഷൻ - മോർബി' എന്ന പേരിലാണ് 40 ഓളം ആളുകൾ ചേർന്ന് സബർമതി ആശ്രമത്തിന് സമീപം ദുരന്തത്തിൽ മരിച്ചവർക്കായി അനുശോചനം അർപ്പിച്ചത്. മോർബി ദുരന്തത്തിന്റെ വാർഷികം തികയുന്ന സാഹചര്യത്തിൽ സബർമതി ആശ്രമത്തിൽ നിന്ന് ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് 'ശ്രദ്ധാഞ്ജലി യാത്ര' നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ അത്തരമൊരു യാത്ര സംഘടിപ്പിക്കാൻ അനുമതി ലഭിക്കാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അസോസിയേഷൻ പ്രസിഡന്റായ നരേന്ദ്ര പർമറെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ നരേന്ദ്ര പർമരുടെ 10 വയസ്സുള്ള മകൾ മരിച്ചിരുന്നു.

ഗുജറാത്ത് ഹൈക്കോടതിക്ക് മുൻപാകെ ഹാജരാക്കിയ കണക്കുകൾ പ്രകാരം, ദുരന്തത്തിൽ 20 ഓളം കുട്ടികളാണ് അനാഥരായത്. ഏഴ് പേർക്ക് മാതാപിതാക്കളെയും 13 പേർക്ക് രക്ഷിതാവിനെയും നഷ്ടപ്പെട്ടു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.

141 പേരുടെ ജീവനെടുത്ത മോർബി ദുരന്തം

മാച്ചു നദിക്ക് മുകളിലൂടെ പോകുന്ന 230 മീറ്റർ നീളമുള്ള തൂക്കുപാലം ബ്രിട്ടീഷുകാരുടെ കാലത്താണ് നിർമിച്ചത്. 140 വർഷത്തോളം പഴക്കമുണ്ടായിരുന്ന തൂക്കുപാലം നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്നത്തിന് ശേഷം വെറും നാല് ദിവസത്തിനുള്ളിലാണ് തകർന്നുവീഴുന്നത്. മോർബി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഒറെവ ഗ്രൂപ്പ് എന്ന കമ്പനിക്കായിരുന്നു പാലത്തിന്റെ നവീകരണ ജോലികൾ ഏൽപ്പിച്ചിരുന്നത്.

മോര്‍ബി ദുരന്തം; ഒരു വർഷത്തിനിപ്പുറവും നീതി ലഭിക്കാതെ കുടുംബാംഗങ്ങൾ
ഗുജറാത്തില്‍ തൂക്കുപാലം തകർന്ന് വീണ് 141 മരണം, പുഴയില്‍ വീണവര്‍ക്കായി തിരച്ചില്‍

പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായുളള കരാർ ഒറെവ കമ്പനി 2022 മാർച്ചിലാണ് ഒപ്പിട്ടത്. 15 വർഷത്തെ കരാർ ഒപ്പുവച്ച് ഏഴ് മാസത്തിന് ശേഷം ഒക്ടോബർ 26ന് ഗുജറാത്തില്‍ പുതുവത്സര ആഘോഷവേളയിലാണ് പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടാൻ കമ്പനി കരാറിൽ പറഞ്ഞിരുന്നു. എന്നാൽ, പൊതുജനങ്ങൾക്കായി നേരത്തെ പാലം തുറന്നുകൊടുത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പോലീസിന്റെ എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. പാലം തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒറെവ സ്ഥാപനത്തിന്റെ ഭാഗത്ത് നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 30ന് ഉണ്ടായ മോർബി ദുരന്തത്തിൽ 141 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ ഭരണപരമായ വീഴ്ചകളെ സംബന്ധിച്ച്, 2021 തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കരസ്ഥമാക്കിയ മോർബി മുനിസിപ്പാലിറ്റിയിലെ മൂന്ന് അംഗങ്ങൾ ഒറെവയും മുനിസിപ്പാലിറ്റിയും തമ്മിൽ ഒപ്പുവച്ച കരാർ പിന്നീടുള്ള ജനറൽ ബോർഡിന് മുന്നിൽ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ഒരേസമയം125 ഓളം ആളുകൾക്ക് മാത്രം കയറാൻ സാധിക്കുമായിരുന്ന പാലത്തിൽ അപകടസമയത്ത് 250 ഓളം പേർ ഉണ്ടായിരുന്നതായും റിപോർട്ടിൽ പരാമർശിച്ചിരുന്നു.

തൂക്കുപാലം തകർന്ന സംഭവത്തിൽ കരാർ കമ്പനിയുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഒറെവ കമ്പനിയുടെ മാനേജർ ഉൾപ്പടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഒറെവ കമ്പനിക്കെതിരെ എഫ്‌ഐആറിൽ ചുമത്തിയത്. സംഭവത്തിന് പിന്നാലെതന്നെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ തന്നെ സ്ഥാപനവുമായി കരാർ ഒപ്പിട്ട മോർബി മുനിസിപ്പാലിറ്റി ചീഫ് ഓഫീസറായിരുന്ന സന്ദീപ്‌സിംഗ് ജാലയെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

നിരവധി പേരുടെ ജീവനെടുത്ത അപകടം നടന്ന് ഒരു വർഷത്തിനിപ്പുറവും മരിച്ചവരുടെ കുടുംബാങ്ങങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല. ഈ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായ പ്രതികള്‍ നൽകിയ ജാമ്യാപേക്ഷ ഗുജറാത്ത് കോടതി തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in