രാജ്യത്തെ ആദ്യ ചിപ്പ് പ്ലാന്റ് ഗുജറാത്തിലേക്ക്; നിക്ഷേപകര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന് ശിവസേന

രാജ്യത്തെ ആദ്യ ചിപ്പ് പ്ലാന്റ് ഗുജറാത്തിലേക്ക്; നിക്ഷേപകര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന് ശിവസേന

1.54 ലക്ഷം കോടി രൂപയുടെ സംരംഭമാണ് വേദാന്തയും ഫോക്‌സ്‌കോണും അഹമ്മദാബാദില്‍ തുടങ്ങുന്നത്
Updated on
1 min read

ഇന്ത്യയിലെ ആദ്യത്തെ ചിപ്പ് പ്ലാന്റ് സ്വന്തമാക്കാനുള്ള പോരാട്ടം മഹാരാഷ്ട്രയെ മറികടന്ന് ഗുജറാത്ത് സ്വന്തമാക്കിയതിന് പിന്നാലെ, ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. പ്രോജക്ട് സ്വന്തമാക്കാന്‍ കഠിന പ്രയത്‌നം നടത്തിയ മുന്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അതില്‍ വിജയിച്ചിരുന്നു. പ്ലാന്റ് മഹാരാഷ്ട്രയില്‍ തന്നെ വരുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ കുറിച്ചു. 1.54 ലക്ഷം കോടി രൂപയുടെ സംരംഭമാണ് ഖനന കമ്പനിയായ വേദാന്തയും തായ്‌വാന്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയായ ഫോക്‌സ്‌കോണും സംയുക്തമായി ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

അവസാന നിമിഷത്തില്‍ പ്ലാന്റ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായതിനു കാരണം, നിലവിലെ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാണ് ആദിത്യ താക്കറെയുടെ വിമര്‍ശനം

പ്ലാന്റ് സ്വന്തമാക്കാന്‍ മഹാരാഷ്ട്രയും ഗുജറാത്തും തമ്മിലായിരുന്നു മത്സരം. കടുത്ത മത്സരത്തിനൊടുവിലാണ് ഗുജറാത്ത് പ്ലാന്റ് സ്വന്തമാക്കിയത്. എന്നാല്‍ അവസാന നിമിഷത്തില്‍ പ്ലാന്റ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായതിനു കാരണം, നിലവിലെ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നാണ് ആദിത്യ താക്കറെയുടെ വിമര്‍ശനം. പ്ലാന്റ് മഹാരാഷ്ട്രയില്‍ തന്നെ വരുമെന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഏറെക്കുറെ തീരുമാനമാക്കിയിരുന്നു എന്നാണ് കാബിനറ്റ് മന്ത്രിയായിരുന്ന ആദിത്യ പറയുന്നത്. പ്ലാന്റ് സ്വന്തമാക്കുന്നതിനുള്ള അവസാനഘട്ടത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, ഇപ്പോള്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു. അതുകൊണ്ടാണ് മെഗാ പദ്ധതികള്‍ സംസ്ഥാനത്തേക്ക് വരാത്തതെന്നും ആദിത്യ ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തെ 1600 വ്യവസായങ്ങളെ പിന്തുണയ്ക്കുകയും എഴുപതിനായിരം മുതല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ ഒരുക്കുകയും ചെയ്യുമായിരുന്ന മെഗാ പദ്ധതിയായിരുന്നു ചിപ്പ് പ്ലാന്റ്. പ്രോജക്ട് മഹാരാഷ്ട്രയിലേക്ക് വരുന്നതായി അവകാശപ്പെടുന്ന നിരവധി ട്വീറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ ഇവിടെനിന്നും ഓടിച്ചുവിടുന്ന തരത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടികളെന്നും ആദിത്യ കുറ്റപ്പെടുത്തി.

രാജ്യത്തെ ആദ്യ അര്‍ദ്ധചാലക നിര്‍മാണ പ്ലാന്റ്, ഡിസ്‌പ്ലേ ഫാബ് യൂണിറ്റ്, ചിപ്പ് അസംബ്ലിംഗ് ടെസ്റ്റിംഗ് യൂണിറ്റ് എന്നിവയാണ് വേദാന്തയും ഫോക്‌സ്‌കോണും സംയുക്തമായി അഹമ്മദാബാദില്‍ സ്ഥാപിക്കുന്നത്. കാറിലും മൊബൈല്‍ ഫോണിലും തുടങ്ങി എടിഎം കാര്‍ഡുകളില്‍ വരെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചിപ്പുകള്‍.

തായ്‌വാന്‍ പോലെയുള്ള ഏതാനും രാജ്യങ്ങളാണ് ലോകത്തിന് ആവശ്യമായ ചിപ്പുകള്‍ നിര്‍മിക്കുന്നത്. അതിനാല്‍, ചിപ്പ് നിര്‍മാണ പ്ലാന്റുകള്‍ ഇന്ത്യയിലേക്ക് വരുന്നത് മേഖലയില്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 'ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തില്‍ പുതിയ യുഗ'ത്തിനാണ് തുടക്കമാകുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

logo
The Fourth
www.thefourthnews.in