വ്യാജ വാർത്ത കേസ്: സുധീർ ചൗധരിക്കെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കും, അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത സംപ്രേഷണം ചെയ്‌തെന്ന പരാതിയില്‍ ആജ് തക് ടിവി മാധ്യമപ്രവര്‍ത്തകന്‍ സുധീർ ചൗധരിക്കെതിരെയുള്ള പോലീസ് നടപടി താത്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. എന്നാല്‍, എഫ്ഐആർ റദ്ദാക്കണമെന്ന സുധീർ ചൗധരിയുടെയും മാധ്യമ സ്ഥാപനമായ ആജ് തക്കിന്റെയും ഹർജി കോടതി തള്ളി. കേസന്വേഷണവുമായി കർണാടക പോലീസിന് മുന്നോട്ട് പോകാമെന്നും ചൊവ്വാഴ്ച വരെ ഹർജിക്കാരനെതിരെ അറസ്റ്റുൾപ്പടെയുള്ള നടപടി പാടില്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഭൂരിപക്ഷ വിഭാഗത്തിനുള്ളിൽ നിന്ന് വിദ്വേഷം ജനിപ്പിക്കാൻ സഹായകമാകുന്നതാണ് സുധീർ ചൗധരിയുടെ ടെലിവിഷൻ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നതാണെന്നും എഫ്ഐആർ റദ്ദാക്കാനാവില്ലെന്നും കോടതി വിശദമാക്കി.
കർണാടക സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിക്കെതിരെയായിരുന്നു സുധീർ ചൗധരി ആജ് തക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്. മുസ്ലിം വിഭാഗം ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രത്യേക വാഹന സബ്‌സിഡി നല്കുന്നുവെന്നായിരുന്നു പ്രചാരണം. പദ്ധതി ഹിന്ദു വിഭാഗത്തോടുള്ള വിവേചനമാണെന്നും സുധീർ ചൗധരി വാദമുയർത്തി.
കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ടുവന്ന പദ്ധതിയെ കുറിച്ചായിരുന്നു തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പരാമർശം. 'ദരിദ്രനായ ഹിന്ദുവിന് വാഹനം വാങ്ങാൻ പണം ലഭിക്കില്ല, മുസ്ലിം, സിഖ്, ബുദ്ധ മതസ്ഥരാണെങ്കിൽ എത്ര പണമുണ്ടായാലും സബ്‌സിഡി ലഭിക്കും' എന്നതായിരുന്നു സുധീർ ചൗധരിയുടെ വിവാദ പരാമർശം. ഇതിനെതിരെ വസ്തുതകൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാരിന്റെ ന്യൂനപക്ഷ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പരാതി നൽകിയത്.
ഹിന്ദു മതത്തിലെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ സംപ്രേഷണം ചെയ്ത് ഭൂരിപക്ഷ വിഭാഗത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരാക്കാനുള്ള ശ്രമം മാധ്യമ പ്രവർത്തകൻ നടത്തിയതായായിരുന്നു പരാതി. സെപ്റ്റംബർ 13നായിരുന്നു സുധീർ ചൗധരിക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തത്. ഐപിസി 505, 153 എ വകുപ്പുകൾ ചുമത്തിയാണ് കേസ്. വ്യാജ വാർത്ത പിൻവലിക്കാൻ ഇതുവരെയും ചാനൽ തയ്യാറായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹർജി പരിഗണിക്കവെ കോടതിയെ അറിയിച്ചു. കേസ് വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.