വളര്‍ത്തു മൃഗങ്ങളുമായി വിമാന യാത്ര ചെയ്യാൻ അനുമതി നല്‍കി ആകാശ എയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിമാന കമ്പനിയായ ആകാശ എയര്‍. ക്യാബിനില്‍ വളര്‍ത്തു മൃഗങ്ങളുമായി യാത്രചെയ്യുന്നതിന് ആകാശ എയര്‍ അനുമതി നല്‍കി. നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളില്‍ വിമാന കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത് .
ഏഴ് കിലോ വരെ ഭാരം വരുന്ന ഏത് മൃഗത്തേയും ക്യാബിനില്‍ ഇരുത്തി യാത്ര ചെയ്യാം. ഒക്ടോബര്‍ 15 മുതല്‍ യാത്രയ്ക്കുള്ള നടപടികള്‍ ആരംഭിക്കും. നവംബര്‍ ഒന്നാം തീയതിയോടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് വിമാനത്തില്‍ യാത്ര സൗകര്യമൊരുക്കുമെന്നും കമ്പനി വ്യക്തമാക്കി
ഇന്ത്യയില്‍ വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കയറ്റാന്‍ അനുവദിച്ച രണ്ടാമത്തെ വിമാന കമ്പനിയാണ് ആകാശ. ആദ്യമായി ഇന്ത്യയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് യാത്രാ സൗകര്യമനുവദിച്ചത് എയര്‍ ഇന്ത്യ വിമാന കമ്പനിയാണ്. നായ, പൂച്ച, പക്ഷികള്‍ എന്നിവയെ റാബിസ് കുത്തിവെയ്പ്പ് നല്‍കി പൂര്‍ണ്ണ ആരോഗ്യ പരിശോധനയ്ക്ക് ശേഷം യാത്രക്ക് അനുമതി നല്‍കുക.
ഈ വര്‍ഷം ഓഗസ്റ്റിലാണ് ആകാശ് എയര്‍ ലൈന്‍ ആരംഭിച്ചത് . മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ വിമാനം പറന്നുയര്‍ന്നത്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഡല്‍ഹി, അഗര്‍ത്തല, ഗുവാഹത്തി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളെ ബന്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. അന്തരിച്ച സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയും വ്യോമയാന വ്യവസായത്തിലെ പ്രമുഖനുമായ വിനയ് ദുബെയും ചേര്‍ന്നാണ് 2021 ഡിസംബറില്‍ ആകാശ എയര്‍ സ്ഥാപിച്ചത്.