ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് ആംആദ്മി പാര്‍ട്ടി ഏഴുകോടി രൂപ വിദേശ സംഭാവന സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിഷയത്തില്‍ എഫ്‌സിആര്‍എ നിയമപ്രകാരം അന്വേഷണം നടത്താന്‍ അനുമതി തേടിയാണ് ഇ ഡി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നത്. എ എ പി മുന്‍ പഞ്ചാബ് എം എല്‍ എ സുഖ്പാല്‍ സിങ് ഖൈരയ്ക്ക് എതിരായ മയക്കുമരുന്ന്, കള്ളപ്പണ കേസിലെ അന്വേഷണത്തിനിടെയാണ് നിയമ ലംഘനം വ്യക്തമായത് എന്നാണ് ഇ ഡിയുടെ അവകാശവാദം.
എ എ പി വിദേശത്ത് നിന്ന് പണം സ്വീകരിച്ചു എന്ന് വ്യക്തമാകുന്ന ഇ-മെയിലുകളും രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇ ഡി അവകാശപ്പെടുന്നു. എ എ പിക്ക് ഏകദേശം 7.08 കോടി രൂപയുടെ വിദേശ സംഭാവനകള്‍ ലഭിച്ചുവെന്നും പണം നല്‍കിയവരുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നും മറ്റു ചില വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഇ ഡി കത്തില്‍ ആരോപിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭാവന നല്‍കിയവരുടെ പേരുകള്‍, ഇവരുടെ രാജ്യങ്ങള്‍, പാസ്‌പോര്‍ട്ട് നമ്പറുകള്‍, സംഭാവന ചെയ്ത തുക, സംഭാവന ചെയ്ത രീതി, സ്വീകരിച്ചയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ഇ ഡി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 2015, 2016 വര്‍ഷങ്ങളില്‍ അമേരിക്കയിലും കാനഡയിലും എഎപിയുടെ വിദേശ യൂണിറ്റുകള്‍ നടത്തിയ ധനസമാഹരണ പരിപാടികള്‍ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.
കാനഡ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചിലര്‍ നല്‍കിയ സംഭാവനയെ കുറിച്ചുള്ള വിവരങ്ങള്‍ എ എ പിയുടെ സാമ്പത്തിക രേഖകളില്‍ നിന്ന് മറച്ചുവച്ചതായും ഇ ഡി ആരോപിക്കുന്നു. എ എ പിക്ക് വിദേശനാണ്യ വിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷവും ഇ ഡി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു.
വിദേശനാണ്യ വിനിമയ ചട്ടം ലംഘിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നത് സിബിഐ ആണെന്നും ഇ ഡി നല്‍കിയിരിക്കുന്ന വിഷയങ്ങള്‍ കൂടി പരിഗണിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്, സിബിഐയോട് ആവശ്യപ്പെടാവുന്നതാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇ ഡി ആരോപണങ്ങള്‍ തള്ളി എ എ പി നേതാവ് അതിഷി സിങ് രംഗത്തെത്തി. മദ്യനയ അഴിമതി കേസിലും സ്വാതി മലിവാള്‍ കേസിനും ശേഷം എ എ പിയെ താഴെയിറക്കാന്‍ സാധിക്കാത്ത ബിജെപി പുതിയ കേസ് മെനയുകയാണെന്ന് അതിഷി ആരോപിച്ചു. ഡല്‍ഹിയിലും പഞ്ചാബിലും ബിജെപി 20 സീറ്റിലും പരാജയപ്പെടാന്‍ പോവുകയാണെന്ന് ഇത് വ്യക്തമാക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ഇഡിയുടെ നടപടിയല്ലെന്നും ബിജെപിയുടെ നീക്കമാണെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മദ്യനയ അഴിമതി കേസില്‍ ഇ ഡി എഎപിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പ്രതിചേര്‍ത്തിരുന്നു. ഡല്‍ഹിയിലെ കോടതിയില്‍ പുതുതായി ഫയല്‍ ചെയ്ത ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് കെജ്രിവാളിനെയും പാര്‍ട്ടിയെയും പ്രതി ചേര്‍ത്തത്.
കെജ്‌രിവാളും ഹവാല ഇടപാടുകാരും ചാറ്റിലൂടെ പരസ്പരം ബന്ധപ്പെട്ടതിനു തെളിവുകളുണ്ടെന്ന് ഇ ഡി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കെജ്രിവാള്‍ തന്റെ ഇലക്ട്രോണിക് ഡിവൈസുകളുടെ പാസ്വേഡ് നല്‍കാത്തതിനാല്‍ ഹവാല ഇടപാടുകാരില്‍ നിന്നാണ് തങ്ങള്‍ ചാറ്റിന്റെ വിവരങ്ങള്‍ ശേഖരിച്ചതെന്നും ഇ ഡി കോടതിയെ അറിയിച്ചു.
കെജ്‌രിവാളിന് ജൂണ്‍ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാര്‍ച്ച് 21 ന് രാത്രി ഇ ഡി അറസ്റ്റ് ചെയ്ത കെജ്രിവാളിന് മേയ് 10നാണ് ഇടക്കാല ജാമ്യം ലഭിച്ചത്. കെജ്രിവാളിനെക്കൂടാതെ എ എ പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കേസില്‍ പ്രതികളാണ്. സിസോദിയ ജയിലില്‍ തുടരുകയാണ്. സഞ്ജയ് സിങ്ങിന് സുപ്രീം കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു.