'ഇന്ത്യ സഖ്യത്തിന്റെ ധർമം നിറവേറ്റാൻ പ്രതിജ്ഞാബദ്ധര്‍, എഎപി വിട്ടുപോകില്ല'; അഭ്യൂഹങ്ങള്‍ തള്ളി കെജ്‍രിവാൾ
പഞ്ചാബില്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ഭിന്നതകള്‍ ദേശീയ തലത്തിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി എഎപി. കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ സിംഗ് ഖൈറയെ കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത് വന്ന സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‍രിവാളിന്റെ പ്രതികരണം.
"ഇന്ത്യ സഖ്യത്തോട് ആം ആദ്മി പ്രതിജ്ഞാബദ്ധമാണ്. ഞങ്ങൾ സഖ്യത്തിൽ നിന്ന് പിരിയുകയില്ല. സഖ്യത്തിന്റെ ധർമ്മം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," കെജ്‍രിവാൾ പറഞ്ഞു. ഇന്ത്യ മുന്നണിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് കുറച്ച് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എട്ട് വർഷം മുൻപുള്ള ലഹരി മരുന്ന് കടത്ത് കേസിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഖൈറയെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ എഎപി സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും കടുത്ത വിമര്‍ശകനാണ് ഖൈറ.
അതിനാൽ ഖൈറയുടെ അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആം ആദ്മി സർക്കാർ ഖൈറയോട് പക തീക്കുകയാണെന്നും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അറസ്റ്റിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നാണ് ആം ആദ്മിയുടെ വിശദീകരണം. അറസ്റ്റ് പൂർണ്ണമായും നിയമനടപടികൾ പാലിച്ച് കൊണ്ടുള്ളതായിരുന്നു എന്നും എഎപി വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആം ആദ്മിയും കോൺഗ്രസ്സും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശം. എന്നാൽ ഖൈറയുടെ അറസ്റ്റിന് പിന്നാലെ ഇതിന് സാധിക്കില്ലെന്നാണ് പഞ്ചാബ് കോൺഗ്രസിന്റെ നിലപാട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആം ആദ്മി ഇന്ത്യ മുന്നണി വിടില്ലെന്ന് പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാൾ തന്നെ വ്യക്തമാക്കിയത്.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ഒരു നേതാവിനെ അറസ്റ്റ് ചെയ്തതായി അറിഞ്ഞിരുന്നുവെന്നും, എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നുമാണ് പഞ്ചാബിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് അരവിന്ദ് കെജ്‍രിവാൾ പ്രതികരിച്ചത്. "മയക്കുമരുന്നിനെതിരെ ഞങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും വ്യക്തിഗതമായ കേസുകളിൽ ഞാൻ പ്രതികരിക്കുന്നില്ല. പക്ഷെ മയക്കുമരുന്നിന്റെ ആസക്തി അവസാനിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," കെജരിവാൾ വ്യക്തമാക്കി.