പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ

പഞ്ചാബിൽ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ; വ്യാഴാഴ്ച വിധാൻസഭയുടെ പ്രത്യേക സമ്മേളനം

ഓപറേഷൻ ലോട്ടസിലൂടെ പഞ്ചാബ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രഖ്യാപനം
Updated on
1 min read

പഞ്ചാബ് നിയമസഭയിൽ ആം ആദ്മി പാർട്ടിയുടെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഓപറേഷൻ ലോട്ടസിലൂടെ പഞ്ചാബ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് ആം ആദ്മി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 22 ബുധനാഴ്ചയാണ് വിധാൻ സഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് വോട്ടെടുപ്പ് നടത്തുക.

ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഭഗവന്ത് മൻ ഇക്കാര്യം അറിയിച്ചത്. "ജനങ്ങളുടെ വിശ്വാസത്തിന് മേല്‍ ലോകത്തിലെ ഒരു നാണയത്തിലും വിലയില്ല. സെപ്റ്റംബർ 22 വ്യാഴാഴ്ച പഞ്ചാബ് വിധാൻ സഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടും. വിശ്വാസവോട്ടെടുപ്പിലൂടെ നിയമപരമായി തെളിയിക്കും. വിപ്ലവം നീണാൾ വാഴട്ടെ,” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. പഞ്ചാബിൽ ആം ആദ്മി എംഎൽഎമാരെ വിലയ്ക്കുവാങ്ങാനുള്ള ബിജെപിയുടെ തന്ത്രം പരാജയപ്പെടുമെന്ന് ഭഗവന്ത് മന്‍ വീഡിയോയില്‍ വ്യക്തമാക്കി. പഞ്ചാബിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ അവർ പ്രതിജ്ഞാബദ്ധരാണെന്നും, അവരെ വശീകരിക്കാൻ സാധിക്കില്ലെന്നും ഭഗവന്ത് മന്‍ പറയുന്നു.

ആം ആദ്മി പാർട്ടിയുടെ 11 എംഎൽഎമാരെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഗോവയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് പതിനൊന്നില്‍ എട്ട് എം‌എൽ‌എമാരെയും സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് ഡല്‍ഹിയിലും പഞ്ചാബിലും ആംആദ്മിയില്‍ നിന്നും സമാനമായ കൂറുമാറ്റങ്ങൾക്കായി ബിജെപി ഗൂഢാലോചന നടത്തിയെന്ന് കെജ്‍രിവാള്‍ ആരോപിച്ചത്. ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള ബിജെപിയുടെ നിരവധി നേതാക്കളും ഏജന്റുമാരും എഎപിയിലെ 10 നിയമസഭാ എം‌എൽ‌എമാരെ ഫോണിൽ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന എഎപി നേതാവും ധനമന്ത്രിയുമായ ഹർപാൽ സിംഗ് ചീമയും വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. എഎപി വിട്ട് ബിജെപിയിൽ ചേരാൻ 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്നും ഹർപാൽ ആരോപിച്ചു.

ഞായറാഴ്ച നടന്ന ആം ആദ്മി പാർട്ടിയുടെ ദേശീയ സമ്മേളനത്തിലും ബിജെപിയുടെ ഓപറേഷൻ ലോട്ടസിനെ അപലപിക്കുകയും അതിൽ പങ്കാളികളാകുന്ന എല്ലാവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പഞ്ചാബില്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എഎപി പരാജയപ്പെട്ടെന്നും ബിജെപിക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തി പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം.

logo
The Fourth
www.thefourthnews.in