എംപിയും എംഎല്‍എയും ബിജെപിയിലേക്ക്; പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇരട്ടപ്രഹരം

എംപിയും എംഎല്‍എയും ബിജെപിയിലേക്ക്; പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇരട്ടപ്രഹരം

ജലന്ധറില്‍ നിന്നുള്ള എംപിയായ സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റില്‍ നിന്നുള്ള എംഎല്‍എയായ ശീതല്‍ അന്‍ഗുരലുമാണ് ഇന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പഞ്ചാബില്‍ ഇരട്ടപ്രഹരമേറ്റ് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ രണ്ടുപേര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കളംമാറി. ജലന്ധറില്‍ നിന്നുള്ള എംപിയായ സുശീല്‍ കുമാര്‍ റിങ്കുവും ജലന്ധര്‍ വെസ്റ്റില്‍ നിന്നുള്ള എംഎല്‍എയായ ശീതല്‍ അന്‍ഗുരലുമാണ് ഇന്ന് പാര്‍ട്ടി അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

ജലന്ധര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി ഇക്കുറിയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചയാളാണ് സുശീല്‍ കുമാര്‍ റിങ്കു. പാര്‍ട്ടി സീറ്റ് നല്‍കിയ ശേഷവും ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയ റിങ്കു അപ്രതീക്ഷിതമായി കളം മാറ്റി ചവിട്ടുകയായിരുന്നു. 2023-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ നിന്ന് 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ആം ആദ്മി ടിക്കറ്റില്‍ റിങ്കു ജയിച്ചത്.

സുശീല്‍ കുമാര്‍ റിങ്കുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയളാണ് ശീതള്‍. റിങ്കുവിന്റെ സ്വാധീനത്താലാണ് ശീതളും പാര്‍ട്ടിവിട്ടതെന്നാണ് ആം ആദ്മി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവരെയും പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇരുവരെയും ബിജെപി വരുതിയിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

അതേസമയം അഴിമതിക്കേസില്‍ പാര്‍ട്ടി നേതാവും ഡല്‍ഹി മൃഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയില്‍ കാണുന്നതെന്നും കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തുവരുമെന്നുമാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

ഡല്‍ഹി മദ്യനയക്കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് കെജ്രിവാളിന്റെ ജാമ്യാപേക്ഷ നിരസിച്ച ഡല്‍ഹി ജില്ലാക്കോടതി മാര്‍ച്ച് 28 വരെ അദ്ദേഹത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. തന്നെ ജയില്‍ മോചിതനാക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം അടുത്ത ബുധനാഴ്ച കോടതി പരിഗണിക്കും.

logo
The Fourth
www.thefourthnews.in