സഖ്യമില്ല? ഹരിയാനയില്‍ 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി, കോണ്‍ഗ്രസിനെതിരെയും മത്സരം
ഹരിയാനയില്‍ സഖ്യചര്‍ച്ചകള്‍ക്കു തിരിച്ചടിയായി 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. സീറ്റ് ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടുപോകുന്നെന്നു കോണ്‍ഗ്രസ്-എഎപി നേതൃത്വം വിശദീകരിച്ചതിനു പിന്നാലെയാണ് 20 മണ്ഡലങ്ങളില്‍ എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പതിനൊന്നിടങ്ങളിലും എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, സംസ്ഥാനത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാവില്ലെന്ന് ഏതാണ്ട് വ്യക്തമാവുകയാണ്. ഇന്നു വൈകിട്ട് മുന്‍പ് സഖ്യകാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ 90 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എഎപി ഹരിയാന അധ്യക്ഷന്‍ സുശില്‍ ഗുപ്ത പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ഹരിയാന യൂണിറ്റ് വൈസ് പ്രസിഡന്റ് അനുരാഗ് ദണ്ഡ കലയാറ്റില്‍നിന്നും ഇന്ദു ശര്‍മ ഭിവാനിയില്‍നിന്നും മത്സരിക്കും. വികാസ് നെഹ്റ മെഹാമില്‍നിന്നും ബിജേന്ദര്‍ ഹൂഡ റോഹ്തക്കില്‍നിന്നുമാകും മത്സരിക്കുക.
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇതുവരെ തയാറാകാത്തതിനെത്തുടര്‍ന്നാണ് സമ്മര്‍ദതന്ത്രമെന്നനിലയില്‍ 20 സീറ്റിൽ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മുമ്പ് സഖ്യമുണ്ടാക്കിയിരുന്നു. 10 സീറ്റാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് മാത്രമാണ് വാഗ്ദാനം ചെയ്തത്. ഇതാണ് തര്‍ക്കത്തിന്റെ മുഖ്യകാരണം.
ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപിയെ വീഴ്ത്താനുള്ള ആദ്യഘട്ട പദ്ധതികള്‍ അവലോകനം ചെയ്യാന്‍ കൂടിയ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗത്തിലും ആം ആദ്മിയുടെ സീറ്റ് ചര്‍ച്ചയായി. എന്നാല്‍ കോണ്‍ഗ്രസിന്റെ താത്പര്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ആം ആദ്മിയുടെ ആവശ്യങ്ങള്‍ മൂലം സഖ്യചര്‍ച്ചകളില്‍ നേരിടുന്ന തടസങ്ങളും മറ്റു പ്രതിസന്ധികളും യോഗത്തില്‍ സുപ്രധാന വിഷയമായി ഉയര്‍ന്നിരുന്നു.
എഎപിയുമായി സഖ്യത്തിനുള്ള സാധ്യതകളെക്കുറിച്ച് രാഹുല്‍ ഗാന്ധി താല്പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റ് വിഭജനം പാര്‍ട്ടിയെ അതിന്റെ സംസ്ഥാന ഘടകവുമായി ഭിന്നിപ്പിച്ചതായാണ് സൂചന, പ്രത്യേകിച്ച് ഭൂപീന്ദര്‍ സിങ് ഹൂഡ വിഭാഗം നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു.