അരവിന്ദ് കെജ്രിവാള്‍.
അരവിന്ദ് കെജ്രിവാള്‍.

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ആംആദ്മി: മുഖ്യപ്രതിപക്ഷമാകുമെന്ന് അരവിന്ദ് കെജ്രിവാള്‍

27 വര്‍ഷമായി ഗുജറാത്തില്‍ മുഖ്യപ്രതിപക്ഷമായി തുടരുന്ന കോണ്‍ഗ്രസിനെ മാറ്റി ആംആദ്മിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍.
Updated on
1 min read

ഗുജറാത്തില്‍ അധികാരം പിടിക്കാന്‍ പദ്ധതികള്‍ മെനയുകയാണ് ആംആദ്മി. ഡല്‍ഹിക്കും പഞ്ചാബിനും പുറത്തേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. പഞ്ചാബിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ആംആദ്മി അടിത്തറ വിപൂലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു. രണ്ട് സംസ്ഥാനങ്ങളും ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പിനെ നേരിടുന്നവയാണ്. കഴിഞ്ഞ രണ്ടു ദിവസമായി അഹമ്മദാബാദില്‍ പാര്‍ട്ടി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിറസാന്നിധ്യമാണ് അരവിന്ദ് കെജ്രിവാള്‍.

ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതല പ്രധാന തന്ത്രജ്ഞനായ സന്ദീപ് പതക്കിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങളെല്ലാം കോണ്‍ഗ്രസിനെ ലക്ഷ്യംവെച്ചുള്ളതാകുമെന്ന മുന്നറിയിപ്പാണ് തന്റെ പ്രസംഗത്തിലൂടെ കെജ്രിവാള്‍ നല്‍കുന്നത്. മാത്രമല്ല ഡല്‍ഹിയിലെ ഭരണത്തിന്റെ മികവുകള്‍ ജനങ്ങളോട് വിശദീകരിക്കാനും, വീടുകള്‍ കയറി വോട്ടര്‍മാരെ നേരിട്ട് കാണാനും അദ്ദേഹം നേതാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

2017 ല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 29 സീറ്റുകളില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും 27 വര്‍ഷമായി ഗുജറാത്തില്‍ മുഖ്യപ്രതിപക്ഷമായി തുടരുന്ന കോണ്‍ഗ്രസിനെ മാറ്റി ആംആദ്മിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍.

ബിജെപിയുടെ ഭരണത്തില്‍ എതിര്‍പ്പുള്ളവരുടെ വോട്ടു നേടി ഗുജറാത്തില്‍ ആംആദ്മി അധികാരത്തില്‍ വരുമെന്നും കെജ്രിവാള്‍ അവകാശപ്പെടുന്നു.

കോണ്‍ഗ്രസാണ് കെജ്രിവാളിന്‍റെ ആക്രമണങ്ങളുടെ പ്രധാന ഇര. കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടി ആംആദ്മിയെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് വെറും കടലാസില്‍ മാത്രം ഒതുങ്ങിയെന്നും ജനങ്ങള്‍ വെറുതേ അവര്‍ക്ക് വോട്ട് ചെയ്ത് സമ്മതിദാനാവകാശം പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ബിജെപിയോട് എതിര്‍പ്പുണ്ടെങ്കിലും കോണ്‍ഗ്രസ് ഒരു മുഖ്യബദല്‍ അല്ലാത്തതിനാല്‍ ഗതികേട് കൊണ്ട് ബിജെപിക്ക് തന്നെ വോട്ട് ചെയ്യുന്നതാണെന്നാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന വാദം.

കോണ്‍ഗ്രസിന് വോട്ട് ചെയ്തതു കൊണ്ട് പ്രയോജനമില്ലെന്ന് ജനങ്ങളോട് പറയണം. കഴിഞ്ഞ തവണ അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. പക്ഷേ ഇപ്പോള്‍ എത്ര എംഎല്‍മാര്‍ ബിജെപിയിലേക്ക് പോയെന്ന് നോക്കണം.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ഒരു വോട്ടു പോലും ഉണ്ടാകരുതെന്ന് ആംആദ്മി പാര്‍ട്ടി ഭാരവാഹികള്‍ ഉറപ്പാക്കണമെന്നും പാര്‍ട്ട് പ്രവര്‍ത്തകരോടായി ‍ അരവിന്ദ് കെജ്രിവാള്‍ നിരന്തരം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് വിട്ടു പോയ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെക്കുറിച്ചും കെജ്രിവാള്‍ പരാമര്‍ശം നടത്തി.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു ശക്തി കേന്ദ്രവും ഇല്ലെന്നും പ്രതിപക്ഷം ഇനി ആംആദ്മിയാകുമെന്നും ശക്തമായി വാദിക്കുകയാണ് തന്റെ പ്രസംഗത്തിലൂടെ കെജ്രിവാള്‍. പഞ്ചാബിലെ വലിയ വിജയം കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും പോരാടാനാകുമെന്ന ആത്മവിശ്വാസവും ആംആദ്മിക്ക് നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in