മനീഷ് സിസോദിയയുടെ അറസ്റ്റ്: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആം ആദ്മി
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ഡൽഹി പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഞായറാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. എട്ടുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിലെ സിബിഐ ആസ്ഥാനത്തിന് പുറത്ത് ഒത്തുചേരലുകൾ വിലക്കി ഉത്തരവിറക്കി. എഎപി നേതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്ത് 144 പുറപ്പെടുവിച്ചത്. സിസോദിയയുടെ അറസ്റ്റ് ജനങ്ങളെ രോഷകുലരാക്കിയെന്നും അവർ പ്രതികരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിന്റെ അനുയായിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഘട്ടിലെ ഗാന്ധിസ്മാരകത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് സിബിഐ ഓഫിസിലേക്ക് സിസോദിയ പോയത്.
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.
2021ല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടു വന്ന പുതിയ മദ്യനയമാണ് കേസിനാധാരം. പുലര്‍ച്ചെ മൂന്ന് മണിവരെ കടകള്‍ തുറക്കാം, മദ്യത്തിന്‌റെ ഹോം ഡെലിവറി തുടങ്ങി നിരവധി നയമാറ്റങ്ങള്‍ ഇതിലുണ്ടായി. വ്യാജമദ്യം ഇല്ലാത്താക്കുക, കരിഞ്ചന്ത ഒഴിവാക്കുക ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക വരുമാനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സര്‍ക്കാരിന്‌റെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറി സ്വകാര്യ മേഖലയെ സഹായിക്കുന്ന മദ്യനയം, കോഴവാങ്ങി നടപ്പാക്കിയതെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ടതോടെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി.സ്വകാര്യ കമ്പനികള്‍ നയരൂപീകരണത്തില്‍ പങ്കാളിയായെന്നും ഇതിന് അധികൃതര്‍ കോഴ വാങ്ങിയെന്നുമാണ് സിബിഐയുടെ വാദം.