ഹരിയാനയിൽ 'ഇന്ത്യ' സഖ്യമില്ല; 90 സീറ്റുകളിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാൻ

ഹരിയാനയിൽ 'ഇന്ത്യ' സഖ്യമില്ല; 90 സീറ്റുകളിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ടാണ് ആം ആദ്മി നേതാക്കളുടെ പ്രഖ്യാപനം
Updated on
1 min read

ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മൻ പ്രഖ്യാപിച്ചു. പത്രസമ്മേളനത്തിലാണ് മൻ പ്രഖ്യാപനം നടത്തിയത്. ആം ആദ്മി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ സന്ദീപ് പഥക്, രാജ്യസഭാ എം പി സഞ്ജയ് സിങ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സുമായി ചേർന്ന് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കൊണ്ടാണ് ആം ആദ്മി നേതാക്കളുടെ പ്രഖ്യാപനം. ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് കഴിഞ്ഞ പത്തു വർഷങ്ങളായി സംസ്ഥാനത്തെ ഭരിച്ചു മുടിക്കുകയാണെന്നും അതിനൊരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ആം ആദ്മി പാർട്ടിയുടെ നേതാവായ അരവിന്ദ് കെജ്‌രിവാളിനെ 'ഹരിയാനയുടെ മകൻ' എന്ന് അഭിസംബോധന ചെയ്ത സന്ദീപ് പഥക്, കെജ്‌രിവാൾ ഹരിയാനയിൽ അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. പഞ്ചാബിലും ഡൽഹിയിലും സർക്കാർ രൂപീകരിച്ച ദേശീയ പാർട്ടിയാണ് ആം ആദ്മിയെന്നും, അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ സർക്കാർ രുപീകരിച്ചതോടെ രാജ്യത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിൽ 'ഇന്ത്യ' സഖ്യമില്ല; 90 സീറ്റുകളിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാൻ
നഗരവും കേന്ദ്രവും തിരിച്ച് നീറ്റ് ഫലം പ്രസിദ്ധീകരിക്കണം; വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറയ്ക്കണമെന്നും സുപ്രീം കോടതി

ഹരിയാനയിലെ ഇരട്ട എൻജിനിൽ പ്രവർത്തിക്കുന്ന ബിജെപി ഗവണ്മെന്റ് സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത് എന്ന് അറിയില്ല എന്ന് സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഇരട്ട എൻജിനുള്ള ഗവണ്മെന്റ്' പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു സിങിന്റെ പ്രസ്താവന. കൊള്ളയ്ക്കും അക്രമത്തിനും തൊഴിലില്ലായ്മയ്ക്കും കർഷക പ്രതിസന്ധിക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല സർക്കാരുകൾ ഇവിടെ വന്നു പോയിട്ടുമുണ്ട്. നിലവിൽ ആം ആദ്മി പാർട്ടി സർക്കാരുകൾ രൂപീകരിച്ചിരിക്കുന്ന ഇടങ്ങളിലെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് മതിപ്പുണ്ടെന്നും അതിനാൽ ആ ആദ്മി പാർട്ടിക്ക് സംസ്ഥാനത്തിലെ സാഹചര്യത്തിന് മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. അഗ്നിവീർ പദ്ധതിക്കെതിരെയും ഇദ്ദേഹം രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അഗ്നിവീർ പദ്ധതി രാജ്യസ്നേഹികളായ സൈനികരുടെ ആത്മവീര്യത്തെയും അഭിമാനത്തെയും മുറിപ്പെടുത്തുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി 46 സീറ്റുകളിലാണ് ഹരിയാനയിൽ മത്സരിച്ചത്. എന്നാൽ മത്സരിച്ച സീറ്റുകളിലെല്ലാം ഇവർ പരാജയപ്പെട്ടിരുന്നു. ഒരു ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് അന്ന് ആം ആദ്മി പാർട്ടിക്ക് പോൾ ചെയ്യപ്പെട്ടത്. ഡൽഹിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഘ്യമില്ലാതെ മത്സരിക്കുമെന്ന് കഴിഞ്ഞ മാസം ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. ഈ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി- കോൺഗ്രസ് സഖ്യത്തിന് ഒരു സീറ്റ് പോലും ഡൽഹിയിൽ നേടാൻ സാധിച്ചിരുന്നില്ല. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ മദ്യ അഴിമതി ആരോപണത്തിൽ ഇപ്പോഴും ജയിലിലാണ്.

logo
The Fourth
www.thefourthnews.in