ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

കള്ളപ്പണ നിരോധന നിയമത്തിലെ സെഷന്‍ 70 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പാര്‍ട്ടിയുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്.
Updated on
1 min read

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡി ആം ആദ്മ പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനൊരുങ്ങുകയാണെന്നും കേസില്‍ അടുത്ത സിറ്റിങ്ങിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നും ജസ്റ്റസ് സ്വര്‍ണ കാന്ത ശര്‍മയ്ക്കു മുമ്പാകെ ഇഡിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സൊഹേബ് ഹൊസൈന്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ട് നേരത്തെ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികളെയും കേസില്‍ പ്രതിചേര്‍ക്കാമെന്ന് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇഡി തീരുമാനിച്ചത്.

ആം ആദ്മി പാര്‍ട്ടി നടത്തിയ ഇടപാടുകളുടെ എല്ലാ ഉത്തരവാദിത്തവും നേതൃത്വവും അരവിന്ദ് കെജ്‌രിവാളിനാണെന്ന് ഇഡി സമര്‍പ്പിച്ച രേഖകളില്‍ നിന്ന് പ്രഥദൃഷ്ട്യ ബോധ്യപ്പെട്ടെന്നും അതിനാല്‍ത്തന്നെ ആം ആദ്മി പാര്‍ട്ടിക്കും ഇടപാടുകളില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്നും അതിനാല്‍ പാര്‍ട്ടിയെ കള്ളപ്പണ നിരോധന നിയമത്തിന്റെ സെഷന്‍ 70 പ്രകാരം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നുമാണ് അന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ നിരീക്ഷിച്ചത്.

ഇക്കാര്യം സുപ്രീം കോടതിയെയും ഇഡി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ സെഷന്‍ 70 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പാര്‍ട്ടിയുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ഇഡി സുപ്രീം കോടതിയില്‍ പറഞ്ഞത്.

logo
The Fourth
www.thefourthnews.in