പ്രതിപക്ഷ മഹാസഖ്യത്തിൽ ചേരാൻ ഉപാധി വച്ച് ആം ആദ്മി; ആദ്യം ചർച്ച ചെയ്യേണ്ടത് ഡൽഹി ഓർഡിനൻസ് വിഷയം
പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമാകാൻ ഉപാധി വച്ച് ആം ആദ്മി പാർട്ടി. ഡൽഹി സർക്കാരിനെതിരെ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാടെടുക്കുന്നില്ലെങ്കിൽ നാളെ പാട്നയിൽ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എഎപി വ്യക്തമാക്കി. ഓർഡിനൻസിനെതിരെ പ്രതിപക്ഷകക്ഷികളുടെ പിന്തുണ തേടി അരവിന്ദ് കെജ്രിവാൾ കത്തെഴുതിയതിന് പിന്നാലെയാണ് ഈ തീരുമാനം വ്യക്തമാക്കിയത്.
ഓർഡിനൻസുമായി ബന്ധപ്പെട്ട് എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രം കൊണ്ടു വരുന്ന ബിൽ പാസാക്കിയാൽ, അത് ബിജെപി ഇതര സംസ്ഥാനങ്ങളെ ബാധിക്കുമെന്നും കൺകറന്റ് ലിസ്റ്റ് വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ കടന്നുകയറുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വിഷയത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുടെയും സമഗ്രമായ കാഴ്ചപ്പാടിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം കത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പോലീസ്, പൊതു ക്രമം, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങളുടെ നിയന്ത്രണം ഡൽഹിയിൽ അനുവദിച്ചുകൊണ്ടുള്ള സമീപകാല സുപ്രീം കോടതി വിധിയ്ക്കെതിരെയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം കൊണ്ടുവന്ന ഓർഡിനൻസ്. ഡൽഹിക്കെതിരെ കേന്ദ്രം കൊണ്ടുവരുന്ന ഓർഡിനൻസിനെതിരെ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കാൻ പാർട്ടികൾ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കൂടാതെ, പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ ചർച്ച ചെയ്യുന്ന ആദ്യ വിഷയം ഓർഡിനൻസായിരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ നടത്താനിരിക്കയാണ് എഎപി ഈ നിലപാട് സ്വീകരിച്ചത്. ഡൽഹി സർക്കാരിനെതിരെയുളള ഓർഡിനൻസ് കേന്ദ്രം കൊണ്ടുവന്നപ്പോൾ തന്നെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ അരവിന്ദ് കെജ്രിവാൾ തേടിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിക്കെതിരെയുളള നീക്കങ്ങളുടെ ഭാഗമായി നാളെ പട്നയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഇരുപതോളം പാർട്ടികളാണ് പാട്നയിൽ ഒത്തുകൂടുന്നത്. ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ നിർണായക നീക്കം. ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി സാധ്യതയുള്ള 450 സീറ്റുകളിലെങ്കിലും പൊതു സ്ഥാനാർത്ഥിയെ ഉറപ്പാക്കുകയാണ് പ്രതിപക്ഷയോഗത്തിന്റെ ലക്ഷ്യം.