'അവിടെ പരീക്ഷകൾ കുളമാക്കി ഇവിടെ പഠിക്കാൻ സീറ്റില്ല'; 
സർക്കാരുകള്‍ക്കെതിരെ പാർട്ടി വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിന്

'അവിടെ പരീക്ഷകൾ കുളമാക്കി ഇവിടെ പഠിക്കാൻ സീറ്റില്ല'; സർക്കാരുകള്‍ക്കെതിരെ പാർട്ടി വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിന്

നീറ്റ്, നെറ്റ് പരീക്ഷകളില്‍ കണ്ടെത്തിയ ക്രമക്കേട് വലിയ പ്രതിഷേധമാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപകമായി ഉയര്‍ത്തുന്നത്
Updated on
1 min read

രാജ്യം ഇന്നുവരെ കാണാത്ത രീതിയില്‍ പരീക്ഷകള്‍ ഓരോന്നായി അട്ടിമറിക്കപ്പെടുകൊണ്ടിരിക്കുകയാണ്. നീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. ഇതിനൊന്നും ഒരു വിശദീകരണവും മോദി സര്‍ക്കാരിന് നല്‍കാനായിട്ടില്ല. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇത്തരമൊരു ഗുരുതരമായ വിഷയങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി ഉയരുകയാണ്.

മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട കേരളത്തിലെ വിദ്യാഭ്യാസ വകുപ്പും പ്രശ്‌നത്തിലാണ്. മലപ്പുറത്തെ കുട്ടികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലെന്നതാണ് ഇവിടുത്തെ പ്രശ്നം. ഈ വിഷയം മന്ത്രി വേണ്ടത്ര ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നാണ് ആരോപണം. ഈ രണ്ട് വിഷയങ്ങളും ഭരണ പാര്‍ട്ടികളുടെ തന്നെ വിദ്യാര്‍ഥി സംഘടനകളെ തെരുവിലേക്ക് നയിക്കുകയാണ്. കേന്ദ്രത്തിനെതിരെ എബിവിപിയും, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ എസ്എഫ്‌ഐയുമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നീറ്റ്, നെറ്റ് പരീക്ഷകളില്‍ കണ്ടെത്തിയ ക്രമക്കേട് വലിയ പ്രതിഷേധമാണ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപകമായി ഉയര്‍ത്തുന്നത്. കേരളത്തിലും നെറ്റ്, നീറ്റ് വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. നീറ്റ് - നെറ്റ് പരീക്ഷാ വിഷയത്തിനൊപ്പം പ്ലസ് വണ്‍ പ്രവേശനമാണ് കേരളത്തില്‍ സജീവ ചര്‍ച്ചയായ മറ്റൊരു വിഷയം. മലപ്പുറത്ത് ഉള്‍പ്പെടെ മലബാര്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് സീറ്റുകളില്ലെന്ന സാഹചര്യമാണ് വിദ്യാര്‍ഥി സംഘടനകളെ തെരുവിലിറക്കുന്നത്.

നീറ്റ് - നെറ്റ് ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് വ്യക്തമാക്കിയാണ് എബിവിപി രംഗത്തെത്തിയത്. ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്നും എബിവിപി നിലപാട് എടുത്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍എസ്‌യുഐ, ഇടത് വിദ്യാര്‍ഥി സംഘടകള്‍ രംഗത്തെത്തിയപ്പോഴായിരുന്നു എബിവിപിയും പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയത്.

പരീക്ഷാ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കുമെന്ന പ്രഖ്യാപനവും ഇതിന് പിന്നാലെ ആയിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ തങ്ങള്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടിരുക്കുന്നു എന്ന് വ്യക്തമാക്കി എബിവിപി ട്വിറ്ററിലും പ്രതികരിച്ചു. അന്വേഷണംസിബിഐക്ക് കൈമാറാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ബന്ധിതരായത് എബിവിപി നിലപാട് കാരണമായെന്നാണ് സംഘടനയുടെ അവകാശവാദം. അന്വേഷണം സിബിഐയെ ഏല്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ണായക നടപടിയെ എബിവിപി സ്വാഗതം ചെയ്യുന്നു. പക്ഷപാതരഹിതമായ സിബിഐ അന്വേഷണം എന്‍ടിഎ ഉദ്യോഗസ്ഥരുടെ അഴിമതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നും എബിവിപി വ്യക്തമാക്കുന്നു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് തള്ളിക്കൊണ്ടായിരുന്നു എസിഎഫ്‌ഐയുടെ നിര്‍ണായക നീക്കം. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ എസ്എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും എസ്എഫ്‌ഐ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നാളെ മുതല്‍ എസ്എഫ്‌ഐ പ്രത്യക്ഷ സമരത്തിന് കുടി ഇറങ്ങുകയാണ്. 11 മണിക്ക് മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in