ബിബിസി ഡോക്യുമെന്ററിയെ ചെറുക്കാന്‍ കശ്മീര്‍ ഫയല്‍സ് പ്ര‍ദര്‍ശനം സംഘടിപ്പിച്ച് എബിവിപി

ബിബിസി ഡോക്യുമെന്ററിയെ ചെറുക്കാന്‍ കശ്മീര്‍ ഫയല്‍സ് പ്ര‍ദര്‍ശനം സംഘടിപ്പിച്ച് എബിവിപി

കേന്ദ്രം വിലക്കിയ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്ഐയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി നടപടി
Updated on
1 min read

ഹൈദരാബാദ് സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ ചെറുക്കാന്‍ കശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിച്ച് എബിവിപി. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി രാജ്യത്തെ ഏറെ വിവാദം സൃഷ്ടിച്ച കശ്മീര്‍ ഫയല്‍സ് പ്രദര്‍ശനം സംഘടിപ്പിച്ചത്. നേരത്തെ, വിദ്യാ‍ര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തിലും ബിബിസി ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുന്‍കൂര്‍ അറിയിക്കാതെ നടത്തിയ പ്രദര്‍ശനത്തില്‍ സര്‍വകലാശാല റിപ്പോര്‍ട്ട് തേടിയിരുന്നു.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ബോളിവുഡ് ചിത്രം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു

ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എസ്എഫ്ഐ രാജ്യവ്യാപകമായി ക്യാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ നടത്തിയ പ്രദര്‍ശനത്തില്‍ നാനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രം വിലക്കിയ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്ഐയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി നടപടി. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ബോളിവുഡ് ചിത്രം കശ്മീര്‍ ഫയല്‍സായിരുന്നു അവരുടെ ബദല്‍. രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ ചിത്രമാണ് കശ്മീര്‍ ഫയല്‍സ്.

കശ്മീര്‍ ഫയല്‍സ് പ്രദര്‍ശനം തടയാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമിച്ചതായി എബിവിപി ആരോപിച്ചു. പ്രദര്‍ശനത്തിനായി കൊണ്ടുവന്ന സ്‌ക്രീനിങ് ഉപകരണങ്ങള്‍ തടഞ്ഞുവെച്ചു. അവ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെന്നും എബിവിപി സാമുഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

അതേസമയം, ക്രമസമാധാന പാലനവും മറ്റു പ്രശ്‌നങ്ങളും കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ ഒരു തരത്തിലുള്ള പ്രദര്‍ശനവും ക്യാമ്പസില്‍ നടത്തരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബിബിസി ഡോക്യുമെന്ററി വസ്തുതാവിരുദ്ധവും, കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് കേന്ദ്രം ഡോക്യുമെന്ററി വിലക്കിയത്. സാമുഹ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലുമാണ് ഡോക്യുമെന്ററിയുടെ ലിങ്ക് ബ്ലോക്ക് ചെയ്തത്.

logo
The Fourth
www.thefourthnews.in