വീഴ്ചകളും വിമർശനങ്ങളും നീക്കി; 5 വർഷത്തിനിടെ കേന്ദ്രം 
ഇല്ലാതാക്കിയത് 30,000ത്തോളം URL
Urupong

വീഴ്ചകളും വിമർശനങ്ങളും നീക്കി; 5 വർഷത്തിനിടെ കേന്ദ്രം ഇല്ലാതാക്കിയത് 30,000ത്തോളം URL

കോവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകളടക്കമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്
Updated on
1 min read

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം വ്യാപകമായി വിലങ്ങിട്ടിരുന്നെന്ന് വ്യക്തമാകുന്ന സർക്കാർ രേഖകള്‍ ലോക്സഭയില്‍. 29,154 യൂണീഫോം റിസോഴ്സ് ലോക്കേറ്ററു (യുആർഎല്‍)കളാണ് 2018 മുതല്‍ നീക്കം ചെയ്തത്. കോവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകളടക്കമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പാർലമെന്റില്‍ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ വ്യക്തമായത്.

2018, 2019,2020, 2021,2022, വർഷങ്ങളില്‍ യഥാക്രമം 2799, 3635, 9849, 6096, 6775 യുആർഎല്ലുകളാണ് പൊതുജനങ്ങളില്‍ നിന്ന് വിലക്കിയത്. ഇതിനായി കേന്ദ്ര ഐടി മന്ത്രാലയം നിരവധി തവണ ഉത്തരവിറക്കിയതായി ലോക്സഭയ്ക്ക് എഴുതി നല്‍കിയ മറുപടിയില്‍ വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖരൻ വിശദീകരിച്ചു. കോൺഗ്രസ് എം പി കാർത്തി പി ചിദംബരത്തിന്റെ ചോദ്യത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി.

വിലക്കപ്പെട്ടവയില്‍ 6,775 പോസ്റ്റുകളിലും വെബ്‌സൈറ്റുകളിലും പകുതിയോളം ട്വിറ്ററിലെ പോസ്റ്റുകളാണ്

2020-ൽ, കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമർശിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ നിരവധി പോസ്റ്റുകളാണ് സർക്കാർ തടഞ്ഞത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ ഉത്ഭവിച്ചതാണെന്ന് പരാമർശിക്കുന്ന പോസ്റ്റുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2022 ലാണ് ഏറ്റവുമധികം നിയന്ത്രണങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ വിധേയമാക്കപ്പെട്ടത്. ഇങ്ങനെ വിലക്കപ്പെട്ടവയില്‍ 6,775 പോസ്റ്റുകളിലും വെബ്‌സൈറ്റുകളിലും പകുതിയോളം ട്വിറ്ററിലെ പോസ്റ്റുകളാണെന്നാണ് കോമൺ‌വെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനിഷ്യേറ്റീവിന് (സി‌എച്ച്‌ആർ‌ഐ) ലഭിച്ച ഒരു വിവരാവകാശ പ്രതികരണം വെളിപ്പെടുത്തുന്നത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഈ വിഷയത്തില്‍ നിയമപരമായ നിർദേശം ലഭിച്ചാല്‍ ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഐടി മന്ത്രാലയത്തിന്റെ അവലോകന സമിതിയുടെ നിർദേശപ്രകാരം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമായി ഇങ്ങനെ വിലക്ക് വീഴുന്നത് ഓരോ മാസവും നൂറുക്കണക്കിന് യുആർഎല്ലുകള്‍ക്കാണെന്ന് സിഎച്ച്ആർഐ ഡയറക്ടർ വെങ്കടേഷ് നായക് മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഈ വിഷയത്തില്‍ നിയമപരമായ നിർദേശം ലഭിച്ചാല്‍ ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്

യുആർഎല്ലുകള്‍ വിലക്കുന്നതിനെതിരായ പരാതികള്‍ കേള്‍ക്കുന്നതിനായി സമിതി യോഗം ചേർന്നതിന്റെ വിവരങ്ങളും രാജീവ് ചന്ദ്രശേഖരൻ സഭയെ അറിയിച്ചിട്ടുണ്ട്. 2018 മുതല്‍ 2022 വരെ 18, 40, 70, 39, 53 തവണകളാണ് യോഗം ചേർന്നത്. ഇത്തരത്തില്‍ വിലക്കേർപ്പെടുത്തുന്നതിലുള്‍പ്പെടെ, ഐടി മന്ത്രാലയത്തിന്റെ നിർദേശങ്ങള്‍ പാലിക്കാൻ രാജ്യത്തെ ഐടി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനദാതാക്കള്‍ ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in