ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങള്‍ ഭൂരിഭാഗവും പാളം തെറ്റിയുള്ളത്; അറ്റകുറ്റപ്പണിയില്ല, 
 ഫണ്ട് അനുവദിക്കുന്നതിലും പിഴവ്

ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങള്‍ ഭൂരിഭാഗവും പാളം തെറ്റിയുള്ളത്; അറ്റകുറ്റപ്പണിയില്ല, ഫണ്ട് അനുവദിക്കുന്നതിലും പിഴവ്

2017 നും 2018 നും ഇടയിലുണ്ടായ 217 ട്രെയിന്‍ അപകടങ്ങളും ഇത്തരത്തില്‍ പാളം തെറ്റിയുണ്ടായതാണെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നു
Updated on
1 min read

ഇന്ത്യയില്‍ നാലില്‍ മൂന്ന് ട്രെയിന്‍ അപകടങ്ങളും പാളം തെറ്റിയത് മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍. 2017 നും 2018 നും ഇടയിലുണ്ടായ 217 ട്രെയിന്‍ അപകടങ്ങളും ഇത്തരത്തില്‍ പാളം തെറ്റിയുണ്ടായതാണെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യന്‍ റെയില്‍വേയില്‍ പാളം തെറ്റല്‍ വര്‍ധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 2022 ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. പാളം തെറ്റുന്നതിനുള്ള പ്രധാനകാരണം പാളങ്ങളിലെ അറ്റക്കുറ്റപ്പണികളുടെ അഭാവമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

അപകടങ്ങളുടെ 75 ശതമാനവും പാളം തെറ്റിയാണ് സംഭവിച്ചിരിക്കുന്നത്

ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നത് കുറഞ്ഞുവെന്നും അനുവദിച്ച ഫണ്ടുകളാകട്ടെ പൂര്‍ണമായി വിനിയോഗിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 217 ട്രെയിന്‍ അപകടങ്ങളില്‍ 163 എണ്ണവും പാളം തെറ്റിയത് മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതായത് മൊത്തം അപകടങ്ങളുടെ 75 ശതമാനവും പാളം തെറ്റിയാണ് സംഭവിച്ചിരിക്കുന്നത്. തീപിടുത്തം മൂലം 20 അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 13 ലെവല്‍ ക്രോസിങ്ങ് അപകടങ്ങള്‍,11 തവണ കൂട്ടിയിടിക്കല്‍, 13 ആളില്ലാ ലെവല്‍ ക്രോസിംഗുകളിലെ അപകടങ്ങള്‍, 8 ആളുള്ള ലെവല്‍ ക്രോസിംഗിലെ അപകടങ്ങള്‍, മറ്റുള്ള അപകടങ്ങള്‍ 2 എന്നിങ്ങനെയാണ് അപകടങ്ങളെ തരം തിരിച്ചിരിക്കുന്നത്.

16 റയിൽവേ സോണുകളിലും, 32 ഡിവിഷനുകളിലുമായി നടന്ന 1392 പാളം തെറ്റല്‍ അപകടങ്ങളുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ആകെ 33.67 കോടി രൂപ നഷ്ടമാണ് വന്നിട്ടുളളത്. തിരഞ്ഞെടുത്ത 1129 കേസുകളില്‍ 16 സോണുകളിൽ ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. പാളം തെറ്റുന്നതിന്റെ പ്രധാന ഘടകം ട്രാക്ക് പരിപാലനം ശരിയല്ലാത്തതും, ഓവര്‍ സ്പീഡുമാണ് എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

2017-18 സാമ്പത്തിക വര്‍ഷത്തിലാണ് 'രാഷ്ട്രീയ റെയില്‍ സൻരക്ഷ കോശ്' രൂപീകരിക്കുന്നത്

സിഎജി റിപ്പോര്‍ട്ട് 'രാഷ്ട്രീയ റെയില്‍ സൻരക്ഷ കോശ്' ന്റെ പ്രവര്‍ത്തനവും വിശകലനം ചെയ്തു. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് 'രാഷ്ട്രീയ റെയില്‍ സൻരക്ഷ കോശ് ' രൂപീകരിക്കുന്നത്. ട്രാക്ക് മെച്ചപ്പെടുത്തല്‍, പാലങ്ങളുടെ പുനരുദ്ധാരണം, ലെവല്‍ ക്രോസിങ്ങിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായാണ് പ്രധാനമായും ഇത് രൂപീകരിച്ചത്.

റിസര്‍വ് ഫണ്ടിന്റെ രൂപത്തില്‍ സൃഷ്ടിച്ച 'രാഷ്ട്രീയ റെയില്‍ സൻരക്ഷ കോശ്'ൽ ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 'രാഷ്ട്രീയ സൻരക്ഷ കോശ്'ന് കീഴില്‍ 20,000 കോടിയിലധികം രൂപ അനുവദിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ആയിട്ടും ഒരു പ്രവര്‍ത്തനവും ലക്ഷ്യം കാണാതെ പോവുകയായിരുന്നു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നത് വര്‍ഷങ്ങളായി കുറഞ്ഞ് വരികയാണെന്ന് റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്

ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നത് വര്‍ഷങ്ങളായി കുറഞ്ഞ് വരികയാണെന്ന് റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9607.65 കോടി രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. 2019-20 ആയപ്പോഴേക്കും അത് 7417 കോടി രൂപയായി കുറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച ഫണ്ടും പൂര്‍ണമായി വിനിയോഗിച്ചിട്ടില്ല. 2017-21 കാലയളവില്‍ പാളം തെറ്റിയതുമായി ബന്ധപ്പെട്ട 289 അപകടങ്ങളും ട്രാക്കിലെ പ്രശ്നങ്ങൾ മൂലമായിരുന്നു.

logo
The Fourth
www.thefourthnews.in