ബീഫ് കടത്ത് ആരോപിച്ച് ജനക്കൂട്ടം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

ബീഫ് കടത്ത് ആരോപിച്ച് ജനക്കൂട്ടം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

മുംബൈ കുർള സ്വദേശിയായ 32കാരൻ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്
Updated on
1 min read

ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ഗോസംരക്ഷകർ മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. നാസിക് ജില്ലയിലാണ് സംഭവം. മുംബൈ കുർള സ്വദേശിയായ 32കാരൻ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഹ്മദ്‌നഗറില്‍ നിന്ന് മുംബൈയിലേക്ക് സഹായി നാസർ ഷെയ്ക്കിനൊപ്പം മാംസവും കൊണ്ട് കാറിൽ പോകുമ്പോഴായിരുന്നു ഗോസംരക്ഷകരുടെ സംഘം ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഫാൻ അൻസാരിയുടെ മരണം സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ''സംഭവസ്ഥലത്തെത്തുമ്പോൾ കാർ കേടായനിലയിലായിരുന്നു. പരുക്കേറ്റ രണ്ടുപേർ കാറിനകത്തുണ്ടായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചു'' - പോലീസ് വ്യക്തമാക്കി. പരുക്കേറ്റയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തവർക്കെതിരെ കൊലപാതകം, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തു. ഇരുവരും അനധികൃതമായി മാംസം കടത്തുകയായിരുന്നോ എന്നത് അന്വേഷണത്തിന് ശേഷമെ വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു.

മഹാരാഷ്ട്ര സർക്കാർ ഈ വർഷം മാർച്ചിൽ ഗോവധ നിരോധന നിയമം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. കന്നുകാലി കശാപ്പ് നിരോധന നിയമത്തിന്റെ സാധുത ബോംബെ ഹൈക്കോടതി ശരിവച്ച് എട്ട് വർഷത്തിന് ശേഷമായിരുന്നു നീക്കം. പശുവിനെ കയറ്റുമതി ചെയ്യാൻ ഉപയോഗിക്കുന്ന വാഹനം ഒരു അംഗീകൃത അതോറിറ്റിക്ക് പരിശോധിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കശാപ്പിനായി പശുകടത്ത് നിരോധിക്കുന്നതും കോടതി ശരിവച്ചു.

logo
The Fourth
www.thefourthnews.in