മൂന്നാം വയസിൽ ആസിഡ് ആക്രമണത്തിൽ കാഴ്ച പോയി; പത്താം ക്ലാസ് പരീക്ഷയിൽ കാഫി നേടിയത് 95 ശതമാനം മാർക്ക്

മൂന്നാം വയസിൽ ആസിഡ് ആക്രമണത്തിൽ കാഴ്ച പോയി; പത്താം ക്ലാസ് പരീക്ഷയിൽ കാഫി നേടിയത് 95 ശതമാനം മാർക്ക്

മൂന്നു വയസുള്ളപ്പോൾ അയൽക്കാരുടെ ആസിഡ് ആക്രമണത്തിന് ഇരയാകുകയായിരുന്നു കാഫി
Updated on
2 min read

തോൽവിക്ക് കീഴടങ്ങില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കിൽ വിജയം കൈപ്പിടിയിലൊതുക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ചണ്ഡീഗഡ് സ്വദേശിനിയായ കാഫി. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 95.02 ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ പതിനഞ്ചുകാരി.

മൂന്നു വയസ് പ്രായമുള്ളപ്പോഴാണ് അയൽക്കാരുടെ ആസിഡ് ആക്രമണത്തിന് കാഫി ഇരയായത്. ആക്രമണത്തിൽ മുഖത്തും കൈകളിലും ഗുരുതരമായ പൊള്ളലേറ്റ കാഫി ഏകദേശം ആറു വർഷത്തോളം ആശുപത്രിയിൽ കിടന്നു. മാതാപിതാക്കൾ മകൾക്ക് വേണ്ടി ആശുപത്രികൾ കയറിയിറങ്ങി നടന്നിട്ടും കാഴ്ച തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല.

എന്നാൽ കാഫി തളർന്നില്ല. ബ്രെയ്‌ലി ലിപി ഉപയോഗിച്ച് കാഫി തന്റെ പഠനം തുടർന്നു. എട്ട് വയസുള്ളപ്പോൾ കാഫി ഹിസാറിലെ അന്ധവിദ്യാലയത്തിൽ പഠിക്കാൻ തുടങ്ങി. ഒന്നും രണ്ടും ക്ലാസുകൾ കാഫി അവിടെയാണ് പൂർത്തിയാക്കിയത്.

ചില അസൗകര്യങ്ങൾ കാരണം കാഫിയുടെ കുടുംബം ചണ്ഡീഗഡിലേക്ക് താമസം മാറി. ഒടുവിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ സ്‌കൂളിലെ ഒന്നാം സ്ഥാനം ആ പെൺകുട്ടി സ്വന്തമാക്കി. മാതാപിതാക്കളുടെ മാനസിക പിന്തുണയും അധ്യാപകർ നൽകിയ മാർഗനിർദേശവുമാണ് വിജയത്തിന്റെ പിന്നിലെന്ന് കാഫി പറഞ്ഞു. യൂട്യൂബും ഇന്റർനെറ്റും പരീക്ഷയിൽ വിജയിക്കാൻ വളരെയധികം സഹായിച്ചതായും പെൺകുട്ടി വ്യക്തമാക്കി.

ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നും മാതാപിതാക്കൾക്കും അധ്യാപകർക്കും അഭിമാനമാകണമെന്നുമാണ് ഈ പെൺകുട്ടിയുടെ ഇനിയുള്ള ആഗ്രഹം.

"ഞങ്ങൾ കാഫിയെ ഓർത്ത് അഭിമാനിക്കുന്നു. ഇനിയവൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും അവൾക്ക് ഞങ്ങളുടെ പിന്തുണയുണ്ടാകും. അവളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഞങ്ങൾ രാവും പകലും പ്രവർത്തിക്കും," മകളുടെ നേട്ടത്തെക്കുറിച്ച് കാഫിയുടെ മാതാപിതാക്കൾ പറഞ്ഞു. സെക്രട്ടേറിയറ്റിൽ പ്യൂണാണ് കാഫിയുടെ പിതാവ്.

കാഫിയെ ആക്രമിച്ച പ്രതികൾക്ക് ഹിസാറിലെ ജില്ലാ കോടതി രണ്ട് വർഷം തടവ് വിധിച്ചെങ്കിലും ജാമ്യത്തിലിറങ്ങിയിരിക്കുന്നത് കുടുംബത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in