രാഹുൽ ഗാന്ധി അധ്യക്ഷനായില്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും: അശോക് ഗെഹ്ലോട്ട്
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം തിരിച്ചെത്തണമെന്നത് രാജ്യത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്ന കാര്യമാണ്. രാഹുൽ ഗാന്ധി പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ പ്രവർത്തകർ നിരാശരാകുകയും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച് അവർ വീട്ടിലിരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
"രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിൽ പാർട്ടിക്കുളളിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണുളളത്. ഇതിൽ ഗാന്ധി കുടുംബം ആണോ എന്നുളളതള്ള കാര്യം. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്നും ആരും തന്നെ പ്രധാനമന്ത്രിയോ കേന്ത്രമന്ത്രിയോ മുഖ്യമന്ത്രിയോ പോലും ആയിട്ടില്ല. പിന്നെ എന്തിനാണ് ഗാന്ധി കുടുംബത്തെ മോദി ഭയക്കുന്നത്. 75 വർഷമായി രാജ്യത്തിന് ഒന്നും സംഭവിച്ചില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?". എന്തിനാണ് എല്ലാവരും കോൺഗ്രസിനെ ആക്രമിക്കുന്നതെന്നും ഗെഹ് ലോട്ട് ചോദിച്ചു.
കഴിഞ്ഞ 75 വർഷമായി രാജ്യത്ത് ജനാധിപത്യം നിലനിർത്തിയത് കോൺഗ്രസ് പാർട്ടിയാണ്. അതുകൊണ്ടാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായതെന്നും കെജരിവാൾ ഡൽഹിയുടെ മുഖ്യമന്ത്രിയായതെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നിതിന് മുൻപും ശേഷവും കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎ ഒന്ന് തന്നെയാണ്. താജ്യത്തിനകത്തെ എല്ലാ ആളുകളെയും മത സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുപോയ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഗെഹ്ലോട്ടിന്റെ നീക്കം വരാനിരിക്കുന്ന രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ കൂടി മുൻനിറുത്തിയാണ്. സച്ചിൻ പൈലറ്റും ഗെഹ്ലോട്ടും തമ്മിലുളള തർക്കമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തന്നെ വരണമെന്ന് ഗെഹ്ലോട്ട് വാശിപിടിക്കുന്നത്. അങ്ങനെ സംഭിവിച്ചില്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കുമെന്ന് പരോക്ഷമായി ഗെഹ്ലോട്ട് സൂചിപ്പിക്കുന്നുണ്ട്.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും 2024ൽ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും രാജ്യത്ത് കോൺഗ്രസ് പാർട്ടി വിജയിച്ചു വരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. പണപ്പെരുപ്പം തൊഴിലില്ലാഴ്മ വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്ത് നടന്ന പ്രതിഷേധങ്ങളിലൂടെ മോദി സർക്കാരിനെ മൂലക്കിരുത്തുമെന്നും ഗെഹ്ലോട്ട് അവകാശപ്പെടുന്നു. കൂടാതെ ബീഹാറിൽ നിതീഷ് കുമാറിന്റെ നീക്കങ്ങളിൽ ബിജെപിക്ക് കനത്ത പ്രഹരം നേരിടേണ്ടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു.
അതേ സമയം ഗാന്ധിമാർക്കപ്പുറം കോൺഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് മുതിർന്ന നേതാവും G23 അംഗവുമായ ആനന്ദ് ശർമ്മ പറഞ്ഞിതിന് തൊട്ട് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം വന്നതെന്നും ശ്രദ്ധേയമാണ്. പാർട്ടിയുടെ അധ്യക്ഷ സ്ഥാനം രാഹുലിനോ പ്രിയങ്കയ്ക്കോ നൽകാം എന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നും ഈ രണ്ട് പേരിൽ ഒതുങ്ങുന്നതാണോ കോൺഗ്രസ് പാർട്ടിയെന്നും ഇത് പാർട്ടിയുടെ ചരിത്രത്തെ പരിഹസിക്കലാണെന്നും ആനന്ദ് ശർമ്മ പറഞ്ഞിരുന്നു. ഈ വർഷവും അടുത്ത വർഷവും വിവിധ നിയമസഭ തിരഞ്ഞെടുപ്പുകളും 2024ൽ പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഗുലാംനബി ആസാദിന്റെയും ആനന്ദ് ശർമ്മയുടെയും രാജികൾ സെപ്റ്റംബർ 20നകം നടക്കാനിരിക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്നതും മറ്റൊരു ചോദ്യമാണ്.
കഴിഞ്ഞ ദിവസം രാജസ്ഥാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ചേർന്നിരുന്നു. തൊഴിലില്ലാഴ്മയ്ക്കും പണപ്പെരുപ്പത്തിനും എതിരെ സെപ്റ്റംബർ നാലിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന ഹല്ലാ ബോൽ മഹാറാലിയെക്കുറിച്ച് യോഗം ചർച്ച ചെയ്തിരുന്നു. റാലിയുടെ വിജയത്തിനായി ആഗസ്റ്റ് 25ന് ജില്ലാ തലത്തിലും 27ന് അസംബ്ലി അടിസ്ഥാനത്തിലും യോഗങ്ങൾ നടത്തും. 50000ത്തിലധികം പ്രവർത്തകരെയാണ് ഡൽഹിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ ലക്ഷ്യമിടുന്നതായി രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു.