നടന്‍ മനോബാല അന്തരിച്ചു

നടന്‍ മനോബാല അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Updated on
1 min read

തെന്നിന്ത്യന്‍ നടനും സംവിധായകനും നിർമാതാവുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

തഴിൽ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മനോബാലയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ജോമോന്റെ സുവിശേഷങ്ങൾ' ഉൾപ്പെടെ മൂന്ന് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റ് ഡയരക്ടറായാണ് മനോബാല സിനിമാ ജീവിതം ആരംഭിക്കുന്നത്. കമൽ ഹാസന്റെ നിർദേശാനുസരണം 1979ൽ 'പുതിയ വാർപ്പുഗൾ' എന്ന ചിത്രത്തിലായിരുന്നു ഇത്. ഇരുപത്തി അഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1982ൽ പുറത്തിറങ്ങിയ 'ആ​ഗായ ​ഗം​ഗൈ' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

എഴുന്നൂറുകളിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധാനസഹായി അരങ്ങേറ്റം കുറിച്ച 'പുതിയ വാർപ്പുഗൾ' ആണ് ആദ്യമായി അഭിനയിച്ച ചിത്രം. കൊണ്ടാല്‍ പാവം, ഗോസ്റ്റി എന്നീ തമിഴ് ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് മനോബാല കോമഡി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡ്യന്‍, അരന്മനൈ ഫ്രാഞ്ചൈസി, ആമ്പല തുടങ്ങിയ ചിത്രങ്ങളിലാണ് കോമഡി വേഷം ചെയ്തത്.

നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച മനോബാല മൂന്നെണ്ണം സംവിധാനം ചെയ്തിട്ടുണ്ട്. മൂന്ന് ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in